കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; അമിത വേഗമെന്ന് പോലീസ്, കാറില്‍ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി; ലോറി ഡ്രൈവര്‍ അറസ്റ്റില്‍: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2024-10-23 04:50 GMT

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കാറില്‍ നിന്നും മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് കല്ലടിക്കോട് സിഐ എം ഷഹീര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കാര്‍ യാത്രക്കാര്‍ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കും. കാറില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തുന്നതിനാലാണ് പരിശോധിക്കുക.

കാര്‍ അമിതവേഗത്തിലാണ് എത്തിയതെന്ന് ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. പോലീസിന്റെ പ്രാഥമിക നിഗമനവും ഇത് തന്നെയാണ്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെങ്കില്‍ സിസിടി ദൃശങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. ലോറിയുടെ ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പികളും കാറില്‍ നിന്ന് കണ്ടെത്തിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.

കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ അയ്യപ്പന്‍കാവ് ജംഗ്ഷനിലാണ് അപകടം നടന്നത്. കോങ്ങാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി സിഫ്റ്റ് കാറാണ് ലോറിയിലിടിച്ചത്. അഞ്ചു പേര്‍ മരിച്ചു. പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. നാലുപേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. കാര്‍ വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.കോങ്ങാട് മണ്ണാന്തറ കീഴ്മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്‌സല്‍ (17) എന്നിവരെ തിരിച്ചറിഞ്ഞു.

ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ അമിതവേഗത്തിലായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി. കരിമ്പുഴ സ്വദേശിയുടെ കാര്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കള്‍. സംഭവമറിഞ്ഞ നാട്ടുകാരാണ് പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും ആംബുലന്‍സിനെയും വിളിച്ചത്.

Tags:    

Similar News