ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാത്ത പിണറായിക്ക് എഡിജിപിയെ പേടിയോ? പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി; ചാനല്‍ ചര്‍ച്ചകളില്‍ കാപ്‌സ്യൂളുകളുമായും നേതാക്കളില്ല; ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കാന്‍ പോലും ആലോചന; അടിമുടി പ്രതിസന്ധി

മുഖ്യമന്ത്രിതന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി.

Update: 2024-09-09 00:59 GMT

തിരുവനന്തപുരം: ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാത്തവന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കുറിച്ചു തന്നെ മുമ്പു പറഞ്ഞിട്ടുള്ള കാര്യം. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അടിമുടി ഭയത്തില്‍ ജീവിക്കുന്ന ആളാണോ എന്ന ചോദ്യങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. എഡിജിപി അജിത്കുമാറിനെതിരായ ആര്‍എസ്എസ് ബാന്ധവം ആരോപണം ശക്തമാകുമ്പോഴും മുഖ്യമന്ത്രി മൗനത്തിലാണ്. ഇതോടെ പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട അവസ്ഥയിലാണ് പിണറായി വിജയന്‍. അതേസമയം മറുവശത്ത് ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധികളെ അയക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പ്രതിസന്ധിയിലാണ് പാര്‍ട്ടിയും. ഉത്തരം മുട്ടുന്നത് പതിവായതോടെ സിപിഎം പ്രതിനിധികളെ ചാനല്‍ ചര്‍ച്ചകളിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പോലുമാണ് ഗോവിന്ദന്‍ കടക്കുന്നത്.

മുമ്പെല്ലാം വിവാദങ്ങളില്‍ പിണറായി വിജയന് തുണയായി സൈബര്‍ അണികള്‍ എത്തുമായിരുന്നു. എന്നാല്‍, ഇക്കുറി അവരും കൈവിട്ട നിലയിലാണ്. മുന്നണിയിലും മുഖ്യമന്ത്രി ഒറ്റപ്പെട്ട് അവസ്ഥയിലാണ്. ചാനല്‍ച്ചര്‍ച്ചകള്‍ക്കും സി.പി.എം. നേതാക്കളെ കിട്ടാനില്ല. മാധ്യമങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി സി.പി.എം. സഹയാത്രികരേ എത്തുന്നുള്ളൂ.

ആഭ്യന്തരവകുപ്പിനെ ഉന്നമിട്ടുള്ള വെളിപ്പെടുത്തലുകളില്‍ വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിതന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി. പി.ബി. അംഗങ്ങളായ എം.എ. ബേബിയും എ. വിജയരാഘവനുമൊക്കെ തൃശ്ശൂര്‍ ഒത്തുകളിവിവാദത്തില്‍ പ്രതികരിച്ചെങ്കിലും എ.ഡി.ജി.പി.യുടെ കാര്യത്തില്‍ പ്രതിരോധത്തിനു മുതിര്‍ന്നില്ല. ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയോടെ കാര്യങ്ങളെല്ലാം മാറി മാറിയുന്ന അവസ്ഥയിലാണ്.

എ.കെ. ബാലന്‍, സജി ചെറിയാന്‍, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരൊഴികെ മറ്റു മന്ത്രിമാരോ നേതാക്കളോ ആരുംതന്നെ പ്രതികരണത്തിനു മുതിര്‍ന്നില്ല. ആര്‍.എസ്.എസ്.-എ.ഡി.ജി.പി. കൂടിക്കാഴ്ച ലഘൂകരിച്ചെന്ന് വിമര്‍ശനമുണ്ടായപ്പോള്‍ അതിലൊക്കെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പാര്‍ട്ടിയുമായി കൂട്ടിക്കെട്ടേണ്ടെന്നും വ്യക്തമാക്കി എം.വി. ഗോവിന്ദന്‍ വിവാദങ്ങളുടെ ഉത്തരവാദിത്വവും പരിഹാരവുമൊക്കെ മുഖ്യമന്ത്രിയുടെ തലയില്‍വെച്ചു. ഗൗരവമുള്ള പ്രശ്‌നങ്ങളില്‍ നടപടിയാവശ്യപ്പെട്ട സി.പി.ഐ.യാവട്ടെ, മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല.

പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിച്ചുള്ള പോസ്റ്റുകള്‍ സി.പി.എം. സൈബര്‍ ഗ്രൂപ്പുകളില്‍ നിറയുന്നുണ്ട്. മലപ്പുറത്തെ സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്റെ ഫെയസ്ബുക്ക് പോസ്റ്റാണ് ഒടുവിലത്തെ ചര്‍ച്ച. കുരുക്ഷേത്രയുദ്ധത്തില്‍ ഭീഷ്മപിതാമഹനെ വീഴ്ത്തിയത് ശിഖണ്ഡിയെ മുന്നില്‍നിര്‍ത്തിയാണ്. ജാഗ്രതൈ... എന്നാണ് ഉള്ളടക്കം.

പുറത്ത് പെരുമഴപെയ്യുമ്പോള്‍ അഞ്ചെട്ടുപേര്‍ കമ്മിറ്റികൂടി വെയിലാണെന്നും കുടയുടെ ആവശ്യമില്ലെന്നും പ്രമേയം പാസാക്കിയാല്‍ അവസാനിക്കുന്നതല്ല മഴയും കെടുതികളുമെന്ന് വിമര്‍ശിച്ചുള്ള പോസ്റ്റുകളും സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിച്ചു. ചെപ്പടിവിദ്യകള്‍കൊണ്ടു മുറിവുകള്‍ ഉണങ്ങില്ലെന്നാണ് അംഗങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍.

എ.ഡി.ജി.പി. എവിടെയെങ്കിലും പോയതിന് സി.പി.എം. എങ്ങനെ ഉത്തരവാദിയാവുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞപ്പോഴും സൈബര്‍ ഗ്രൂപ്പുകളില്‍ രോഷം പൊട്ടി. പോലീസ് തലവന്മാരുടെ സംഘപരിവാര്‍ ബന്ധം എന്നുമുതലാണ് ഒരു സാധാരണത്വമായതെന്നാണ് ചോദ്യം. അത്രയും സംഘിവത്കരിക്കപ്പെട്ട സര്‍ക്കാരും പാര്‍ട്ടിയുമാണോ കേരളത്തിലുള്ളതെന്നും ഇ.പി. ജയരാജനുപോലും ഇല്ലാത്ത പരിരക്ഷ എ.ഡി.ജി.പി.ക്ക് എന്തിനാണെന്നും ചോദ്യമുയര്‍ന്നു. ചിലരാവട്ടെ, മുന്‍സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമാക്കി നിലവിലെ നേതൃത്വത്തോടുള്ള നീരസവും മറച്ചുവെച്ചില്ല.

ഇപ്പോഴത്തെ പ്രതിസന്ധികള്‍ തീര്‍ക്കാന്‍ വേണ്ടിയെങ്കിലും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടില്‍ പോലീസ് മേധാവി. എന്നാല്‍ ഉടന്‍ മാറ്റാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. അതിനിടെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നതിനിടെ അവധിയില്‍പ്പോകാന്‍ എഡിജിപി തയ്യാറാകുമെന്നാണ് സൂചന. എഡിജിപി നാലു ദിവസത്തെ അവധിയിലാണ് ഇപ്പോള്‍. ഇത് നേരത്തെ എടുക്കാന്‍ അപേക്ഷ നല്‍കിയ അവധിയാണ്. ഇത് നീട്ടിയെടുക്കാനാണ് പുതിയ നീക്കം.

അവധി എടുക്കലില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാതിരിക്കാനാണ് അജിത് കുമാറിന്റെ നീക്കം. അജിത്കുമാറിനെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് പോലീസ് മേധാവി ആദ്യം നിര്‍ദേശിച്ചതെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. വിശ്വസ്തനായ ഉദ്യോഗസ്ഥനെ ഇത്തരമൊരു വിവാദത്തിന്റെപേരില്‍ മാറ്റിനിര്‍ത്തുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന നിഗമനത്തിലായിരുന്നു നടപടി. ഇതിനിടെയാണ് ആര്‍ എസ് എസ് ബന്ധം പുറത്തു വരുന്നത്. ഇത് സിപിഎമ്മിനും പ്രതിരോധമായി. ഇതോടെയാണ് അജിത് കുമാറിന്റെ അവധിയില്‍ ചര്‍ച്ച തുടങ്ങിയത്.

അവധിയില്‍പ്പോകുന്നത് സര്‍ക്കാരിനും സുരക്ഷിതമാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറിനില്‍ക്കുന്നുവെന്ന പ്രതിച്ഛായ അജിത്തിനും ലഭിക്കും. വിവാദങ്ങള്‍ക്കിടെ ശനിയാഴ്ച രാത്രി ഡി.ജി.പി. ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി. എച്ച്. വെങ്കിടേഷും എത്തിയിരുന്നു. എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണ പുരോഗതി ഡി.ജി.പി. അറിയിച്ചതായാണ് സൂചന. എഡിജിപിയെ മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അജിത്കുമാറിനെ കൈവിടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

Tags:    

Similar News