തനിക്കോ മകള്‍ക്കോ വേണ്ടിയാണ് എഡിജിപി അവരെ കാണാന്‍ പോയതെന്ന് അറിഞ്ഞോ അറിയാതെയോ കരുതുന്നവര്‍ നമ്മുടെ കൂട്ടത്തിലുമുണ്ടാകും; അന്‍വറിന്റെ പൂര്‍വ്വകാലം സൂചിപ്പിച്ച് മുഖ്യമന്ത്രി; ഇടതു യോഗത്തിലെ പിണറായി പ്രതിരോധം ചര്‍ച്ചകളില്‍

ആരോപണങ്ങള്‍ പരിശോധിച്ച് മലപ്പുറത്തെ പൊലീസില്‍ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. കുറ്റം തെളിഞ്ഞാല്‍ ഇതിലും നടപടി ഉണ്ടാകുമെന്നും പിണറായി

Update: 2024-09-12 02:13 GMT

തിരുവനന്തപുരം: ഘടകകക്ഷികളുടെ കടുത്ത സമ്മര്‍ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിന് സംരക്ഷണകവചം തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ചത് പിവി അന്‍വറിനെ തന്നെ. അന്‍വറിന്റെ പൂര്‍വകാലം സൂചിപ്പിച്ച് മുഖ്യമന്ത്രി പ്രതിരോധം തീര്‍ക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ ഇടതു മുന്നണിയിലെ എല്ലാ ഘടക കക്ഷികളും നിര്‍ബന്ധിതമായി. അന്‍വറിനെ പരോക്ഷമായി അംഗീകരിക്കുന്നില്ലെന്ന സൂചന തന്നെയാണ് മുഖ്യമന്ത്രി നല്‍കിയത്.

പി.വി. അന്‍വര്‍ പ്രത്യേക രാഷ്ട്രീയ സംസ്‌കാരത്തില്‍നിന്ന് വന്നയാളാണെന്ന് യു.ഡി.എഫിലെ പൂര്‍വകാലം പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മാതൃഭൂമിയാണ്. എല്‍.ഡി.എഫിന്റെ അച്ചടക്കരീതിയതല്ല. പക്ഷേ, നമുക്ക് ഇപ്പോള്‍ പരിമിതിയുണ്ട്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ തനിക്കോ മകള്‍ക്കോ വേണ്ടിയാണ് എ.ഡി.ജി.പി. അവരെ കാണാന്‍ പോയതെന്ന് അറിഞ്ഞോ അറിയാതെയോ കരുതുന്നവര്‍ നമ്മുടെ കൂട്ടത്തിലുമുണ്ടാകും. പക്ഷേ, അതിലൊന്നും കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചുവെന്നാണ് മാതൃഭൂമി വാര്‍ത്ത. ഇതോടെ മുഖ്യമന്ത്രിയെക്കുറിച്ച് തങ്ങള്‍ക്കൊന്നും അത്തരം ചിന്തയില്ലെന്നും പൂര്‍ണവിശ്വാസമാണെന്നും ബിനോയ് വിശ്വം മറുപടി പറഞ്ഞു. അങ്ങനെയാണ് അന്‍വര്‍ വിഷയത്തില്‍ ഇടതില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കപ്പെട്ടത്.

ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ.യും ആര്‍.ജെ.ഡി.യും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ യോഗത്തില്‍ നിലപാടെടുത്തു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. നേതാക്കളെ കണ്ടത് രാഷ്ട്രീയപ്രശ്നമാണെന്നും അത് കാണാതെ പോകരുതെന്നും ഇരുകക്ഷികളും ശക്തമായി വാദിച്ചു. തൃശ്ശൂര്‍പ്പൂരം കലക്കിയതിന്റെ ഉത്തരവാദിത്വവും എ.ഡി.ജി.പി.ക്കാണെന്ന് ആക്ഷേപമുണ്ടെന്നകാര്യം എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയും ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുമെന്ന മറുപടിയില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യോഗത്തിനു മുന്‍പ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട് പുനരധിവാസവും വരാന്‍പോകുന്ന ഉപതിരഞ്ഞെടുപ്പുകളുമായിരുന്നു ഇടതുമുന്നണി യോഗത്തില്‍ അജന്‍ഡ. ആര്‍.എസ്.എസ് നേതാക്കളെ എഡിജിപി കണ്ടകാര്യം ഉള്‍പ്പെടുത്തണമെന്ന് അജന്‍ഡ വായിച്ചയുടന്‍ ആര്‍ജെഡി നേതാവ് വറുഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു. ഇതോടെ ചര്‍ച്ച എഡിജിപിയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. എല്ലാദിവസവും ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന നിഗമനത്തില്‍ ഇടതുപക്ഷത്ത് എത്തി. അത് കണ്‍വീനര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

പി.വി. അന്‍വര്‍ ഇടതുമുന്നണിയിലെ ഒരംഗമാണ്. അദ്ദേഹമാണ് നയരൂപവത്കരണം നടത്തുന്നതെന്ന ധാരണ വേണ്ടാ. എല്ലാദിവസവും ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ വിശദീകരിക്കുകയും ചെയ്തു. നിങ്ങള്‍ പറഞ്ഞ കാര്യം ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആ റിപ്പോര്‍ട്ട് വരട്ടെ. ആരോപണങ്ങള്‍ പരിശോധിച്ച് മലപ്പുറത്തെ പൊലീസില്‍ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. കുറ്റം തെളിഞ്ഞാല്‍ ഇതിലും നടപടി ഉണ്ടാകുമെന്നും പിണറായി പറഞ്ഞു. മറ്റു ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ലെന്നതാണ് വസ്തുത.

Tags:    

Similar News