ഫോണ്‍ തുറക്കാന്‍ പാറ്റേണ്‍ വരെ വരച്ചു വെച്ചു; ഭാര്യയും ഭാര്യവീട്ടുകാരും കള്ളക്കേസുകള്‍ കൊണ്ട് പൊറുതിമുട്ടിച്ചു; അച്ഛന്‍ ഉണ്ണിക്കൃഷ്ണന് എതിരെ വ്യാജ കേസ് കൊടുത്ത് അപമാനിച്ചു; മക്കളെ ഭാര്യവീട്ടുകാര്‍ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ മൊബൈലില്‍ ഉണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍; രാമന്തളി കൂട്ടമരണത്തില്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയത് പാലില്‍ കലര്‍ത്തി എന്നും കണ്ടെത്തല്‍

കലാധരന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്

Update: 2025-12-23 14:58 GMT

കണ്ണൂര്‍: രാമന്തളി വടക്കുമ്പാട് കൊയിത്തട്ടയിലെ ഒരു കുടുംബത്തിലെ നാലുപേരുടെ കൂട്ടമരണം നാടിനെ നടുക്കുമ്പോള്‍, മരിച്ച കലാധരന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ഈ ദുരന്തത്തിന് പിന്നിലെ കുടുംബ വഴക്കിന്റെയും നിയമയുദ്ധത്തിന്റെയും ആഴം വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഭാര്യ നയന്‍താരയും അവരുടെ അമ്മയും സഹോദരനുമാണ് മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പില്‍ വ്യക്തമായി പറയുന്നു.

ആത്മഹത്യാക്കുറിപ്പിലെ പ്രധാന വെളിപ്പെടുത്തലുകള്‍

ജീവിക്കാന്‍ അനുവദിക്കാത്ത വിധം മക്കളെ മറയാക്കി തന്നെയും കുടുംബത്തെയും ഭാര്യയുടെ വീട്ടുകാര്‍ തേജോവധം ചെയ്തു. കുടുംബത്തെ ആകെ തകര്‍ക്കാന്‍ പിതാവ് ഉണ്ണികൃഷ്ണനെതിരെ പോലും വ്യാജ പോക്‌സോ കേസ് നല്‍കി അപമാനിച്ചു. ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണങ്ങളും മക്കളെ ഭാര്യവീട്ടുകാര്‍ ഉപദ്രവിച്ചതിന്റെ തെളിവുകളും മൊബൈല്‍ ഫോണിലുണ്ടെന്ന് കത്തില്‍ പറയുന്നു. ഫോണ്‍ തുറക്കാനുള്ള ലോക്ക് പാറ്റേണ്‍ പോലും കുറിപ്പില്‍ വരച്ചു വെച്ചിട്ടുണ്ട്.

മക്കള്‍ക്ക് അമ്മയുടെ കൂടെ പോകാന്‍ താല്പര്യമില്ലാതിരുന്നിട്ടും അത് പരിഗണിക്കാതെ കോടതി വിധി വന്നതാണ് കലാധരനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്.

വിഷം നല്‍കിയത് പാലില്‍ കലര്‍ത്തി

കലാധരന്‍ (38), അമ്മ ഉഷ (60), മക്കളായ ഹിമ (5), കണ്ണന്‍ (2) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് പാലില്‍ കീടനാശിനി കലര്‍ത്തി നല്‍കിയ ശേഷമാണ് കലാധരനും ഉഷയും തൂങ്ങിമരിച്ചത്. കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ അമ്മയെ കാണിച്ചു. തുടര്‍ന്ന് നാല് പേര്‍ക്കും നാട്ടുകാര്‍ വിങ്ങുന്ന വേദനയോടെ രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് ഏഴ് മണിയോടെ നാല് പേരുടെയും സംസ്‌കാരം നടന്നു.

ആ രാത്രി നടന്നത്

തിങ്കളാഴ്ച രാത്രി ഒന്‍പ മണിയോടെ കലാധരന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ എത്തിയപ്പോഴാണ് വീട് അകത്തുനിന്നും പൂട്ടിയ നിലയില്‍ കണ്ടത്. പോലീസെത്തി വീട് തുറന്നപ്പോള്‍ മുതിര്‍ന്നവര്‍ തൂങ്ങിയ നിലയിലും മക്കള്‍ നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. കുട്ടികളെ വിട്ടുകിട്ടാന്‍ നയന്‍താര പോലീസ് സഹായം തേടിയതിനെത്തുടര്‍ന്ന് മക്കളെ ഹാജരാക്കാന്‍ പോലീസ് ഉണ്ണികൃഷ്ണനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ടമരണം നടന്നത്.

Tags:    

Similar News