മരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചു നല്‍കാതെ ഇറ്റലിക്ക് പറക്കാന്‍ കൊതിച്ച അമ്മായി അമ്മ; കുടുംബ വഴക്ക് മൂത്തപ്പോള്‍ ബംഗ്ലൂരിലെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനക്കാരി ചതിയൊരുക്കി; പതിനായിരം കൊടുത്ത് ലഹരിസ്റ്റാംപ് വാങ്ങിയത് സഹോദരിയുടെ അമ്മായി അമ്മയെ വര്‍ഷങ്ങള്‍ ജയിലിലിടാന്‍; ഷീലാ സണ്ണിയെ രക്ഷിച്ചത് 'നൈജീരിയക്കാരന്റെ ചതി'; ഇനി ഇന്റര്‍പോളും എത്തും; ലിവിയ ജോസും സ്‌പോണസറും കുടുങ്ങുമ്പോള്‍
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നിലെ ഗൂഡാലോചന പുറത്ത്. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ ജോസാണ് ലഹരിക്കേസിനു പിന്നിലെന്നും സഹോദരിയുടെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളാണ് ലിവിയയെ പ്രകോപിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി. ലിവിയയെ രണ്ടാം പ്രതിയാക്കി. ലിവിയ ദുബായിലേക്കു കടന്നിരുന്നു. ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. നേരത്തേ ഹൈക്കോടതി ലിവിയയുടെ അറസ്റ്റ് തടഞ്ഞിരുന്നു. അന്ന് ലിവിയയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. നാരായണദാസ് അറസ്റ്റിലായതോടെ കാര്യങ്ങള്‍ മാറി മറിയുകയാണ്.
ഷീലയെ കുടുക്കാനുപയോഗിച്ച വ്യാജ ലഹരിസ്റ്റാംപ് വാങ്ങിയതും അത് ഷീലയുടെ സ്‌കൂട്ടറില്‍ വച്ചതും ലിവിയയാണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് മൊഴി നല്‍കിയിട്ടുണ്ട്. ഷീലയുടെ ഇറ്റലി യാത്ര മുടക്കാനായിരുന്നു കള്ളക്കേസ്. ലിവിയയ്ക്കു വ്യാജ എല്‍എസ്ഡി സ്റ്റാംപ് കൈമാറിയതും ലിവിയയുടെ നിര്‍ദേശ പ്രകാരം എക്‌സൈസിനെ വിളിച്ചറിയിച്ചതും താനാണെന്നും നാരായണ ദാസ് കുറ്റസമ്മതം നടത്തി. ബെംഗളൂരുവില്‍ പഠിക്കുകയായിരുന്ന ലിവിയയ്ക്ക് സ്‌പോണ്‍സര്‍ ഉണ്ടെന്നു കുടുംബത്തിനറിയാമായിരുന്നു. എന്നാല്‍ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലായിരുന്നു. നാരായണ ദാസായിരുന്നു ലിവിയയുടെ സുഹൃത്ത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. എക്‌സൈസില്‍ നല്ല സ്വാധീനവുമുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ഷീലാ സണ്ണിയെ കുടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. 2023 ഫെബ്രുവരി 27 നാണ് ലഹരിമരുന്ന് കൈവശം വച്ചു എന്നാരോപിച്ച് ഷീലാ സണ്ണിയെ എക്‌സൈസ് പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഷീല 72 ദിവസമാണ് ജയില്‍വാസം അനുഭവിച്ചത്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.
നൈജീരിയന്‍ സ്വദേശിയുടെ കൈയില്‍ നിന്ന് വ്യാജ ലഹരി സ്റ്റാമ്പുകള്‍ വാങ്ങിയത് ലിവിയയാണ്. ബംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തൃപ്പൂണിത്തുറ നാരായണീയം വീട്ടില്‍ നാരായണദാസിനെ (58) ഇന്നലെ രാവിലെയാണ് നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. ഷീലാ സണ്ണി ലഹരി സ്റ്റാമ്പുകള്‍ വില്‍ക്കുന്നുവെന്ന് എക്സൈസിന് വിവരം കൈമാറിയത് നാരായണദാസാണ്. നാരായണ ദാസും ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയാ ജോസും സുഹൃത്തുക്കളാണ് സാമ്പത്തികമായും കുടുംബ പരമായും ലിവിയക്കും കുടുംബത്തിനും ഷീലയുമായി പ്രശ്നങ്ങളുണ്ടായിരുന്നു.ഇതാണ് ഷീലയ്ക്കെതിരെ തിരിയാന്‍ പ്രേരണയായാത്. നാരായണദാസുമായി ചേര്‍ന്ന് ലിവിയ ബംഗലൂരുവില്‍ നിന്നാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ചത്. സംഭവം നടക്കുന്ന 2023 ഏപ്രില്‍ 27 ന് തലേ ദിവസം ലിവിയ ഷീലയുടെ വീട്ടിലെത്തി ബാഗിലും സ്‌കൂട്ടറിലും സ്റ്റാമ്പ് വച്ചു. ഇരിങ്ങാലക്കുടയിലെ എക്സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് അന്നു തന്നെ നാരായണദാസ് ചാലക്കുടിയിലെത്തി ഷീലയുടെ വരവും പോക്കും കാട്ടിക്കൊടുത്തു. 27 ന് ഷീലയെ എക്സൈസ് സംഘം പിടികൂടിയപ്പോഴും ലിവിയയും നാരായണദാസും ചാലക്കുടിയിലുണ്ടായിരുന്നു. പിടിച്ചെടുത്തത് വ്യാജ ലഹരിയാണെന്ന് തെളിഞ്ഞത് 72 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം. മാര്‍ച്ച് ഏഴിന് ഗൂഢാലോചന അന്വേഷണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ഇതിന് തലേ ദിവസം ആറാം തീയതി ലിവിയ വിദേശത്തേക്ക് കടന്നു.
ഷീലയുടെ ഇറ്റലിയില്‍ ജോലിക്ക് പോകാനുള്ള നീക്കം പൊളിക്കുകയായിരുന്നു ലക്ഷ്യം. മരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചുനല്‍കാത്തതിന്റെ വിരോധവും കാരണമായി. ഇരുപത്തിമൂന്നുകാരിയാണ് കാലടി സ്വദേശിനിയായ ലിവിയ ജോസ്. ബംഗ്ലുരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിക്കുന്നു. ഷീല സണ്ണിയുടെ മകന്‍ സംഗീതിനെയാണ് ലിവിയയുടെ ചേച്ചി വിവാഹം കഴിച്ചത്. വിവാഹ സമയത്ത്, സംഗീതും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ലിജിയുടെ 10 ലക്ഷം രൂപയുടെ സ്വര്‍ണം കുടുംബത്തിന്റെ കടംവീട്ടാന്‍ സംഗീത് ഉപയോഗിച്ചു. ഇതുകൂടാതെ, ലിജിയുടെ പത്തു സെന്റ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും, ലിജിയ്ക്കു വീട്ടില്‍ അവഗണനയായിരുന്നു. ഇതിനിടെയാണ്, ഷീല സണ്ണി ഇറ്റലിയില്‍ ജോലി തേടി പോകാനൊരുങ്ങിയത്. സ്വര്‍ണവും ഭൂമിയും തിരിച്ചുതരുന്ന കാര്യത്തില്‍ ഷീല സണ്ണിയും സംഗീതും താല്‍പര്യം കാട്ടിയില്ല. ഇതേചൊല്ലി, പലപ്പോഴും വഴക്കുണ്ടായി. ഈ വൈരാഗ്യം തീര്‍ക്കാന്‍ ലിജിയുടെ സഹോദരി ലിവിയ കണ്ടെത്തിയ മാര്‍ഗമായിരുന്നു ലഹരിക്കേസ്.
ലഹരി സ്റ്റാംപ് ആഫ്രിക്കക്കാരനില്‍ നിന്ന് വാങ്ങിയത് ലിവിയതന്നെ. നാരായണദാസിനോട് എക്‌സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കാന്‍ പറഞ്ഞു. ആഫ്രിക്കക്കാരന്‍ ലിവിയയെ പറ്റിച്ചെന്ന് ബോധ്യപ്പെട്ടത് സ്റ്റാംപിന്റെ പരിശോധനഫലം കിട്ടിയപ്പോഴാണ്. പതിനായിരം രൂപ വാങ്ങി ആഫ്രിക്കക്കാരന്‍ നല്‍കിയത് ലഹരി സ്റ്റാംപിന്റെ പ്രിന്റൗട്ടാണ്. ഇതാണ്, എക്‌സൈസ് പിടിച്ചത്. വ്യാജ ലഹരി സ്റ്റാംപ് ആണെന്ന് ബോധ്യപ്പെട്ടത് രാസപരിശോധനയിലാണ്. ഇതാണ് ട്വിസ്റ്റായത്.