ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനുള്ള പുതിയ ഒന്‍പതംഗ ബെഞ്ച് ഇന്ന് രൂപീകരിക്കാന്‍ സാധ്യത; സ്ത്രീ പ്രവേശനത്തില്‍ നിലപാട് ഇന്ന് പറയേണ്ടി വരില്ലെന്ന ആശ്വാസത്തില്‍ സര്‍ക്കാര്‍; ആചാര സംരക്ഷണത്തിന് മുന്‍ഗണന നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികള്‍ വീണ്ടും ചര്‍ച്ചകളില്‍
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ശബരിമലയ്ക്ക് പുറമെ മുസ്ലിം, പാഴ്സി മതങ്ങളിലെ സ്ത്രീകളുടെ മതാവകാശങ്ങളുമായി ബന്ധപ്പെട്ട പൊതുവായ നിയമപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പുതിയ ഒന്‍പതംഗ ബെഞ്ച് രൂപീകരിക്കാന്‍ കോടതി ഇന്ന് നിര്‍ദേശം പുറപ്പെടുവിച്ചേക്കും.
നേരത്തെ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് വരുന്നത്. ബെഞ്ച് രൂപീകരണത്തിനുള്ള പ്രാഥമിക നടപടികളാകും ഇന്ന് കോടതിയിലുണ്ടാവുക എന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇന്ന് നിലപാട് വ്യക്തമാക്കേണ്ടി വരില്ലെന്നത് ഭരണകേന്ദ്രങ്ങള്‍ക്ക് ആശ്വാസമാകും. ബെഞ്ച് നിലവില്‍ വരാന്‍ കാലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സര്‍ക്കാരിനും മുന്നണിക്കും രാഷ്ട്രീയമായി നിര്‍ണായകമാണ്. 2018-ലെ യുവതീപ്രവേശന അനുകൂല നിലപാട് വരാനിരിക്കുന്ന ഒന്‍പതംഗ ബെഞ്ചിന് മുന്നില്‍ എങ്ങനെ തിരുത്തുമെന്നത് സംബന്ധിച്ച് സി.പി.എമ്മിലും എല്‍.ഡി.എഫിലും ചര്‍ച്ചകള്‍ സജീവമാണ്. ആചാരസംരക്ഷണത്തിന് മുന്‍ഗണന നല്‍കണമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിശ്വാസികളുടെ വികാരം കൂടി പരിഗണിച്ച് അതീവ ജാഗ്രതയോടെ കേസിനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.
കോടതി വിധി എന്തുതന്നെയായാലും അത് നടപ്പാക്കുമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. മുന്‍പ് കോടതി വിധിയനുസരിച്ചാണ് തീരുമാനമെടുത്തതെന്നും പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആചാരലംഘനം ഉണ്ടാകാത്ത രീതിയിലുള്ള സര്‍ക്കാരിന്റെ സമീപകാല നടപടികളെ എന്‍.എസ്.എസ്. നിരീക്ഷിച്ചുവരികയാണ്. പള്ളിപ്രവേശം, ചേലാകര്‍മം തുടങ്ങിയ വിഷയങ്ങളിലെ ഹര്‍ജികളും ഇന്ന് കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്.
തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. 2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റിസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. ഒന്‍പതംഗ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നിലപാട് അറിയിക്കേണ്ടി വരും. ശബരിമലയ്ക്കുപുറമെ മുസ്ലിം, പാഴ്സി മതങ്ങളിലെ സ്ത്രീകളുടെ മതാവകാശങ്ങള്‍, വിശ്വാസ പ്രശ്‌നങ്ങളില്‍ കോടതിക്ക് ഏത് അളവു വരെ ഇടപെടാം തുടങ്ങിയ ചോദ്യങ്ങളിലും 9 അംഗ ബെഞ്ച് തീരുമാനമെടുക്കണം. ഒന്‍പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും ശബരിമല ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ വിധി പ്രസ്താവിക്കുക.
2007 ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരാണ് ശബരിമല യുവതീപ്രവേശനമാകാമെന്ന് സുപ്രിംകോടതിയില്‍ നിലപാടെടുത്തത്. 2016 ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് തിരുത്തി. 2016 നവംബറില്‍ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുമ്പോഴാണ് യുവതീപ്രവേശനം അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലം പിണറായി സര്‍ക്കാര്‍ നല്‍കിയത്. 2017 ല്‍ വാദം കേള്‍ക്കുമ്പോഴും സ്വാഭാവികമായും ഈ നിലപാട് തുടര്‍ന്നു. അല്‍പം പുരോഗമനം കുറഞ്ഞാലും എന്‍.എസ്.എസ് പ്രതീക്ഷിക്കുന്നതുപോലെ സര്‍ക്കാര്‍ നിലപാട് മാറ്റുമെന്നാണ് സൂചനകള്‍.
വിഷയത്തില്‍ ഇന്നു തന്നെ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ല. കോടതിയുടെ ഇന്നത്തെ നടപടികള്‍ നിരീക്ഷിച്ച ശേഷം മാത്രം സി.പി.എം. കൃത്യമായ രാഷ്ട്രീയ നിലപാടിലേക്ക് എത്തും. മുന്‍പ് യുവതീപ്രവേശനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സൂചന നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, ആചാരസംരക്ഷണത്തിനായി നിലകൊള്ളുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബോര്‍ഡിന്റെ കര്‍ക്കശമായ നിലപാട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
