'അണ്ണന്‍ ചതിച്ചൂലോ ആശാനെ... അണ്ണന്‍ കട പൂട്ടി പോയി'; 'എല്ലാം ഓക്കെ അല്ല അണ്ണാ' എന്നു ചോദിച്ചു തഗ്ഗടിച്ച പൃഥ്വിരാജിന് ആന്റണി പെരുമ്പാവൂര്‍ പോസ്റ്റു പിന്‍വലിച്ചതോടെ ട്രോള്‍; കമന്റ് ബോക്‌സില്‍ നിറയുന്നത് പണി പാളിയെന്ന കമന്റുകള്‍
'അണ്ണന്‍ ചതിച്ചൂലോ ആശാനെ... അണ്ണന്‍ കട പൂട്ടി പോയി';
കൊച്ചി: ഫിലിം ചേംബറിന്റെ വിരട്ടിന് മുന്നില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്ലകുട്ടിയായി വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതോടെ പെട്ടത് പോസ്റ്റു ഷെയര്‍ ചെയ്ത് പിന്തുണ അറിയിച്ചവര്‍. ഇക്കൂട്ടത്തില്‍ ആദ്യം പിന്തുണയുമായി രംഗത്തുവന്നത് എമ്പുരാന്‍ സിനിമയുടെ സംവിധായകന്‍ കൂടിയായ നടന്‍ പൃഥ്വിരാജായിരുന്നു.
'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്ന കമന്റോടു കൂടിയായിരുന്നു പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന്റെ ദീര്‍ഘമായ കുറിപ്പ് ഷെയര്‍ ചെയ്തത്. നിര്‍മാതാവ് സുരേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ്. എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാര്‍ നടത്തിയ പരസ്യ പരാമര്‍ശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ബജറ്റ് വിവാദത്തില്‍ വ്യക്തത വന്നതിനാല്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും ആന്റണി പെരുമ്പാവൂര്‍ ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് അറിയിച്ചിരുന്നു.
അതോടെയാണ് പൃഥ്വിരാജിനെതിരെ ട്രോളുകള്‍ സജീവമായത്. ഇപ്പോള്‍ പൃഥ്വിഷെയര്‍ ചെയ്ത പോസ്റ്റ് കണ്ടന്റ് നോട്ട് അവൈലബിളായി കിടക്കുകയാണ്. ഇതോടെയാണ് പൃഥ്വിരാജിനെ സൈബര്‍ലോകം ട്രോളിക്കൊണ്ട് രംഗത്തുവന്നതും. 'അണ്ണന്‍ ചതിച്ചൂലോ ആശാനെ... അണ്ണന്‍ കട പൂട്ടി പോയി', 'എല്ലാം ഓക്കെ അല്ല അണ്ണാ', 'ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ' എന്ന തരത്തിലാണ് പൃഥ്വിയുടെ പോസ്റ്റിനു താഴെ കമന്റുകള്‍ നിറയുന്നത്. പണി പാളിയെന്ന വിധത്തിലാണ് കമന്റുകള്‍ എത്തുന്നത്. പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല, കുതിക്കാനാണ് എന്നൊക്കെ പറഞ്ഞാണ് ട്രോളുകള്‍.
ഫെബ്രുവരി 13നാണ് ആന്റണി പെരുമ്പാവൂര്‍ വിവാദ കുറിപ്പ് പങ്കുവച്ചത്. നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ പോസ്റ്റ്. അതേസമയം മാര്‍ച്ച് 25ന് സൂചന സമരത്തിലേക്ക് ഫിലിം ചേംബര്‍ പോകുമെന്ന ഘട്ടത്തിലാണ് ആന്റണി പെരുമ്പാവൂര്‍ അടക്കം വിഷയത്തില്‍ മയപ്പെട്ടത്. ഫിലിം ചേംബര്‍ പ്രസിഡണ്ട് ബി ആര്‍ ജേക്കബ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചു. ഇതിന് പിന്നാലെ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിക്കുകയായിരുന്നു.
അതേസമയം എമ്പുരാന്‍ സിനിമ മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം.