എല്ലാരും എപ്പടി ഇറുക്കിങ്കെ..; ഇന്ത ഊര് ഉഴക്കിറ..മക്കളോടത്‌..!!; ശനിയാഴ്ച പതിവ് തെറ്റിക്കാതെ ദളപതി ദർശനം; തിരുച്ചിറപ്പള്ളിയിൽ നിന്ന് ബസ് നാഗപ്പട്ടണത്ത് എത്തിയപ്പോൾ കണ്ടത് ആയിരകണക്കിന് പേരെ; തെരുവിൽ അണപൊട്ടി ആവേശം; ജനനായകന് 'വേൽ' നൽകി സ്വീകരിച്ച് പ്രവർത്തകർ; സ്റ്റാലിനെ വിമർശിക്കാൻ മറക്കാതെ ധൈര്യം; ടിവികെ സംസ്ഥാന പര്യടനം തുടരുമ്പോൾ

Update: 2025-09-20 13:34 GMT

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പർതാരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസവും തുടരുന്നു. തീരദേശ ജില്ലയായ നാഗപട്ടണത്ത് ആയിരക്കണക്കിന് പ്രവർത്തകരെയും സാധാരണക്കാരെയും സാക്ഷിയാക്കി നടന്ന പൊതുയോഗത്തിൽ വിജയ് വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി.

പൊതുകടമയെ ബുദ്ധിമുട്ടിലാക്കുന്ന റോഡ്ഷോകളെക്കുറിച്ച് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ടിവികെ നേതൃത്വം കരുതലോടെയാണ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതെങ്കിലും, വിജയ്‌യുടെ പ്രചാരണ വാഹനത്തിന് പിന്നാലെ പ്രവർത്തകർ കൂട്ടത്തോടെ ഓടിയെത്തിയതോടെ നാഗപട്ടണത്തും റോഡ്ഷോയുടെ പ്രതീതിയുണ്ടായി.

പൊതുയോഗ സ്ഥലത്തേക്ക് വിജയ് എത്തിയപ്പോൾ പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രചാരണ വാഹനം വളയുകയായിരുന്നു. വാഹനത്തിനു പിന്നാലെ പ്രവർത്തകർ ഓടിയെത്തിയതോടെ നിയന്ത്രിതമായ രീതിയിലെങ്കിലും റോഡ്ഷോയുടെ പ്രതീതി ഉടലെടുത്തു. ഏറെ നേരം നീണ്ടുനിന്ന ആവേശം അവസാന 250 മീറ്റർ പൂർത്തിയാക്കാൻ ഒരു മണിക്കൂറോളം എടുത്തു. ഈ സമയമത്രയും പ്രവർത്തകരുടെ സ്നേഹപ്രകടനങ്ങൾക്കിടയിലും വിജയ് പുഞ്ചിരിയോടെ അവരെ അഭിവാദ്യം ചെയ്തു. പ്രവർത്തകർ സമ്മാനിച്ച വേൽ ഉയർത്തി കാണിച്ചതും ജനങ്ങൾക്കിടയിൽ വലിയ ആവേശമുളവാക്കി.

തന്റെ രാഷ്ട്രീയ പരിപാടികൾ തടസ്സപ്പെടുത്തുന്നതിനായി സർക്കാർ അനാവശ്യ നിബന്ധനകൾ വെക്കുകയാണെന്ന് വിജയ് ആരോപിച്ചു. സാധാരണക്കാരുടെ ജോലികൾക്ക് തടസ്സമുണ്ടാകാതിരിക്കാനും ചിലർക്ക് വിശ്രമം ലഭിക്കാനുമാണ് ശനിയാഴ്ചകളിൽ മാത്രം പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിദേശയാത്രകളെയും വിജയ് വിമർശിച്ചു. സംസ്ഥാനത്തിനുള്ള വിദേശ നിക്ഷേപത്തിനാണോ അതോ കുടുംബത്തിന്റെ വിദേശത്തെ നിക്ഷേപത്തിനാണോ മുഖ്യമന്ത്രിയുടെ സന്ദർശനങ്ങൾ എന്ന് വിജയ് ചോദ്യമുന്നയിച്ചു.

'എന്നെ വിരട്ടാൻ നോക്കേണ്ട, 2026ൽ കാണാം..'

തന്റെ രാഷ്ട്രീയ നീക്കങ്ങളെ തടയാനോ വിരട്ടാനോ ശ്രമിക്കേണ്ടെന്ന് വിജയ് മുന്നറിയിപ്പ് നൽകി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ ശക്തി നേരിട്ടറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ കുടുംബങ്ങളെ സാമ്പത്തികമായി കൊള്ളയടിക്കുന്നവരാണോ, അതോ എല്ലാ കുടുംബത്തിലേയും ഒരാളായി മാറാൻ ശ്രമിക്കുന്ന താനാണോ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്ന് കാലം തെളിയിക്കുമെന്നും വിജയ് പ്രസ്താവിച്ചു. തമിഴ് മക്കൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അവരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

വിജയ്‌യുടെ ഈ സംസ്ഥാന പര്യടനം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ പര്യടനം നടത്തി പ്രവർത്തകരെയും പൊതുജനങ്ങളെയും നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പാർട്ടിക്ക് ജനസമ്മതി നേടാനുമാണ് വിജയ് ലക്ഷ്യമിടുന്നത്. വരുന്ന ദിവസങ്ങളിലും താരത്തിന്റെ പര്യടനം വിവിധ ജില്ലകളിൽ തുടരും. രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് വിജയ്‌യുടെ ഓരോ ചുവടുവെപ്പും.

അതേസമയം, വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ കഴിഞ്ഞ ദിവസം ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായിരുന്നു. വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് ഒരു യുവാവ് വിജയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. തുടര്‍ന്ന വിജയ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Tags:    

Similar News