രണ്ട് വര്‍ഷത്തോളം ബ്രിട്ടനിലെ ഹോസ്പിറ്റല്‍ സംവിധാനങ്ങളെ മുട്ടു കുത്തിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു; ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചത് 22.3 ശതമാനം ശമ്പള വര്‍ദ്ധനവും റസിഡന്റ് ഡോക്ടര്‍മാരെന്ന പുതിയ പേരും അംഗീകരിച്ച്

ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

Update: 2024-09-17 03:26 GMT

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ സംരക്ഷണമേഖലയെ ഏതാണ്ട് രണ്ട് വര്‍ഷക്കാലത്തോളം മുള്‍മുനയില്‍ നിര്‍ത്തിയ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് അറുതിയായി. രണ്ട് വര്‍ഷത്തിനിടയില്‍ ശരാശരി 22.3 ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവ് എന്ന സര്‍ക്കാര്‍ വാഗ്ദാനം അംഗീകരിച്ചുകൊണ്ട് സമരം അവസാനിപ്പിക്കുന്നതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബി എം എ) അറിയിച്ചു.അതനൂസരിച്ച്, എന്‍ എച്ച് എസ്സില്‍ ഫൗണ്ടേഷന്‍ ട്രെയിനിംഗ് ആരംഭിക്കുന്ന ഒരു ഡോക്ടര്‍ക്ക് നിലവിലുള്ള 32,400 പൗണ്ട് എന്ന ശമ്പളം 36,600 പൗണ്ട് ആയി ഉയരും.

അതേസമയം, പൂര്‍ണ്ണ സമയ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ആരംഭിക്കുന്ന ഒരു ഡോക്ടര്‍ക്ക് പ്രതിവര്‍ഷം 43,900 പൗണ്ട് ശമ്പളം എന്നത് 49.9000 പൗണ്ട് ആയും ഉയരും. ഇപ്പോള്‍ അംഗീകരിക്കപ്പെട്ട പുതിയ ശമ്പള പാക്കേജില്‍ 2023 മുതല്‍ മുന്‍കാല്യ പ്രാബല്യത്തോടെയുള്ള 4.05 ശതമാനത്തിന്റെ ശരാശരി വര്‍ദ്ധനയുമുണ്ട്. അതിനു പുറമെ 2024 ഏപ്രില്‍ മുതല്‍ പേ സ്‌കെയിലില്‍ 6 ശതമാനത്തിന്റെ വര്‍ദ്ധനവും 1000 പൗണ്ടിന്റെ ഒറ്റത്തവണ പേയ്‌മെന്റും ഉള്‍പ്പെടുന്നു. കഴിഞ്ഞ 22 മാസക്കാലത്തിനിടയില്‍ 11 തവണയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയത്.

ബി എം എയുടെ, ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റി (ജെ ഡി സി) സര്‍ക്കാരിന്റെ പുതിയ ശമ്പള പാക്കേജ് അംഗീകരിക്കുന്നതായി ബി എം എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 66 ശതമാനം ജൂനിയര്‍ ഡോക്ടര്‍മാരാണ് ഇതിന് അനുകൂലമായി വോട്ട് ചെയ്തത്. ശമ്പള വര്‍ദ്ധനവിന് പുറമെ സെപ്റ്റംബര്‍ 18 മുതല്‍ ബ്രിട്ടനില്‍ അങ്ങോളമിങ്ങോളം ജൂനിയര്‍ ഡോക്ടര്‍മാര്‍, റെസിഡന്റ് ഡോക്ടര്‍മാര്‍ എന്ന് അറിയപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതായും ബി എം എ അറിയിക്കുന്നു. ഡോക്ടര്‍മാരുടെ വൈദഗ്ധ്യം കൂടുതല്‍ പ്രകടമാകുന്നതിനാണിത്. 2023 ലെ ബി എം എ സമ്മേളനത്തില്‍ തസ്തികയുടെ പേര് മാറ്റുന്നതിനെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനുകൂലിച്ചിരുന്നു.

ഇവിടെയെത്താന്‍ ഇത്രയും സമയം എടുക്കരുതായിരുന്നു എന്നായിരുന്നു ബി എം എ ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റി ചെയര്‍മാന്മാരായ ഡോക്ടര്‍ റോബര്‍ട്ട് ലോറന്‍സണും ഡോക്ടര്‍ വിവേക് ത്രിവേദിയും പ്രതികരിച്ചത്. എന്നാല്‍, തങ്ങളുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് എന്താണ് നേടാനാവുക എന്നത് തങ്ങള്‍ കാണിച്ചു എന്നും അവര്‍ പറഞ്ഞു. 2023 ല്‍ ആയിരുന്നു ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചത്. അന്നത്തെ ടോറി സര്‍ക്കാരിനോട് 35 ശതമാനം ശമ്പള വര്‍ദ്ധനവായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്.

വെയ്ല്‍സിലെ ജൂനിയര്‍ ഡോക്ടര്‍മാരും ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചുകൊണ്ട് വോട്ട് ചെയ്തിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, നിലവില്‍ സമരാഹ്വാനങ്ങള്‍ ഒന്നുമില്ല. അതേസമയം, സ്‌കോട്ട്‌ലാന്‍ഡില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പള പാക്കേജ് ജൂനിയര്‍ ഡോക്ടര്‍മാര്‍ അംഗീകരിച്ചിരുന്നു. എന്‍ എച്ച് എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമന്‍ഡ പ്രിറ്റ്ചാര്‍ഡും ബി എം എയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

Tags:    

Similar News