യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുമായി സൈനിക വിമാനം അമൃത്സറില്‍ എത്തി; വിമാനത്തില്‍ ഉള്ളത് 25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 104 അനധികൃത കുടിയേറ്റക്കാര്‍; തിരികെ എത്തിയവരില്‍ കൂടുതല്‍ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സ്വദേശികള്‍; യു എസ് തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് മന്ത്രി

യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുമായി സൈനിക വിമാനം അമൃത്സറില്‍ എത്തി;

Update: 2025-02-05 09:47 GMT

ചണ്ഡീഗഡ് : അമേരിക്കയില്‍ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തില്‍ ഇറങ്ങിയത്.25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 104 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരാണ് വിമാനത്തിലുളളത്.

ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. 1 വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് വേണ്ടി പ്രത്യേക കൗണ്ടര്‍ തുറന്നിരുന്നു. അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്.

അമൃത്സറില്‍ എത്തിയവരില്‍ ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 33 പേര്‍ വീതവും പഞ്ചാബില്‍ നിന്നും 30 പേരുമാണുള്ളത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും. മൂന്ന് പേര്‍ ഛണ്ഡീഗഡ് സ്വദേശികളുമാണ്. മെക്‌സിക്കോ ബോര്‍ഡറില്‍ നിന്നും പിടികൂടിയവരെയാണ് തിരികെ എത്തിച്ചിരിക്കുന്നത് എന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്.

യു.എസ് സൈനിക വിമാനം സി -17 ആണ് ബുധനാഴ്ച ഉച്ചക്ക് 1.45 ഓടെ ഇന്ത്യയില്‍ എത്തിയത്. തിങ്കളാഴ്ച രാത്രി ടെക്‌സസില്‍ നിന്നായിരുന്നു വിമാനം പറന്നുയര്‍ന്നത്. മെക്‌സിക്കല്‍ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയില്‍ കടന്നവരെയാണ് ആദ്യഘട്ടത്തില്‍ തിരിച്ചയച്ചത്. ഇനിയും വിമാനങ്ങള്‍ എത്താമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഏകദേശം 11 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള കര്‍ശനമായ നയങ്ങളുടെ ഭാഗമായി അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപ്പാക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ട്രംപ് ആ നയം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തിരിച്ചയച്ചവരില്‍ കൂടുതലെന്നും റിപ്പോര്‍ട്ടുണ്ട്. ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ഏകദേശം 18,000 ഇന്ത്യക്കാര്‍ രേഖകളില്ലാതെ താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആറ് വിമാനങ്ങള്‍ ഇതിനകം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ട്രംപ് അയച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും തമ്മിലും ചര്‍ച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോള്‍ എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചര്‍ച്ചകളില്‍ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ല്‍ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എല്‍ പാസോ, ടെക്‌സസ്, സാന്‍ ഡിയഗോ, കലിഫോര്‍ണിയ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങള്‍ അയച്ചത്. ലാറ്റിന്‍ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളില്‍ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാന്‍ഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങള്‍ അവിടെയിറക്കാന്‍ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാന്‍ കൊളംബിയ രണ്ട് വിമാനങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.

Tags:    

Similar News