കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്‌നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കും
പാലക്കാട്: ഏഴ് വര്‍ഷം മുന്‍പ് അട്ടപ്പാടിയിലെ മുക്കാലിയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ഓര്‍മ്മകള്‍ കേരളത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുകയാണ്. ഇത് മറക്കും മുമ്പേ മറ്റൊരു ക്രൂരത. ആള്‍ക്കൂട്ട നീതിയുടെയും ക്രൂരതയുടെയും മനസ്സ് മലയാളികളില്‍ ഒട്ടും ചോര്‍ന്നുപോയിട്ടില്ലെന്ന് വാളയാറിലെ രാംനാരായണ്‍ ഭയ്യാറിന്റെ മരണം തെളിയിക്കുന്നു. മധു നേരിട്ട അതേ വിധി തന്നെയാണ്, കിലോമീറ്ററുകള്‍ക്കപ്പുറം വാളയാറിലും ആവര്‍ത്തിക്കപ്പെട്ടത്. ഭക്ഷണം തേടിയെത്തിയവനെയും ജോലി തേടിയെത്തിയവനെയും ഒരേപോലെ 'കള്ളനെന്ന്' വിളിച്ചു അടിച്ചുകൊല്ലുന്ന സമീപനമാണ് കേരളത്തിന് നാണക്കേടാകുന്നത്.
മധുവിന് മേല്‍ ആരോപിക്കപ്പെട്ടത് അല്പം അരി മോഷ്ടിച്ചു എന്നതായിരുന്നുവെങ്കില്‍ വാളയാറിലെ രാംനാരായണനെതിരെ ഉയര്‍ത്തിയത് വെറും മോഷണ സംശയം മാത്രമായിരുന്നു. രണ്ട് സാഹചര്യത്തിലും ഇവര്‍ മോഷണം നടത്തിയെന്ന് തെളിയിക്കാന്‍ അക്രമികള്‍ക്ക് സാധിച്ചിരുന്നില്ല. മധുവിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്നതും മര്‍ദിക്കുന്നതും അന്ന് അക്രമികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. വാളയാറിലും രാംനാരായണനെ മതില്‍ ചേര്‍ത്തിരുത്തി ചോദ്യം ചെയ്യുന്നതും ചെകിടത്തും തലയ്ക്കും അടിക്കുന്നതുമായ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പകര്‍ത്തി. ഇത് നിര്‍ണ്ണായക തെളിവായി മാറുകയും ചെയ്തു.
മധുവിനെ പിടികൂടി മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് എത്തിയതെങ്കില്‍ വാളയാറിലും മര്‍ദനമേറ്റ് ചോരയൊലിപ്പിച്ച് അവശനായി കിടന്ന രാംനാരായണനെ നാല് മണിക്കൂറിന് ശേഷമാണ് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഈ വൈകല്‍ രാംനാരയണന്റേയും ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. മധുവിന് സംഭവിച്ചതും ഇതു തന്നെ. വഴിതെറ്റിയതിനെ തുടര്‍ന്നാണ് രാംനാരായണന്‍ മാതാളികാട് ഭാഗത്ത് എത്തിയത്. മധുവാകട്ടെ വിശപ്പടക്കാന്‍ കാട്ടില്‍ കഴിയുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. രണ്ടുപേര്‍ക്കും തങ്ങള്‍ നേരിടുന്ന സാഹചര്യത്തെപ്പറ്റി കൃത്യമായി സംസാരിക്കാന്‍ പോലുമാകാത്ത മാനസികാവസ്ഥയിലായിരുന്നു. ഇത് മനസ്സിലാക്കാതെയായിരുന്നു ആള്‍ക്കൂട്ടക്കൊല.
രാംനാരായണന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഞെട്ടിക്കുന്ന പരിക്കുകളാണ് ശരീരത്തിലുള്ളത്. പുറംഭാഗം മുഴുവന്‍ വടികൊണ്ട് അടിച്ചതിന്റെ ചതവുകള്‍, തലയ്ക്കും കൈകള്‍ക്കും മാരകമായ മുറിവുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. മധുവിന്റെ വാരിയെല്ല് തകരുകയും തലയ്‌ക്കേല്‍ക്കുകയും ചെയ്ത മര്‍ദനമാണ് മരണകാരണമായതെങ്കില്‍, രാംനാരായണന്റെ ആന്തരിക അവയവങ്ങള്‍ക്കും സമാനമായ ക്ഷതങ്ങള്‍ സംഭവിച്ചു. വഴിതെറ്റിയതിനെ തുടര്‍ന്നാണ് രാംനാരായണന്‍ മാതാളികാട് ഭാഗത്ത് എത്തിയത്.
ജോലി തേടി കേരളത്തിലെത്തി ഒരാഴ്ച പോലും തികയും മുന്‍പേയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണ്‍ ഭയ്യാര്‍ ദാരുണമായി കൊല്ലപ്പെട്ടത്. വഴിതെറ്റി ഒരു പ്രദേശത്ത് എത്തിയ ആള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ മോഷണക്കുറ്റം ആരോപിച്ചു ആക്രമണം അഴിച്ചുവിടുകയായിരുന്നു. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ രാംനാരായണന്‍ തന്റെ നിസ്സഹായത വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത് വ്യക്തമാണ്. എന്നാല്‍ ഭാഷാപരമായ തടസ്സങ്ങള്‍ കാരണം തന്റെ ഭാഗം വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ ഇയാളുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും ആംബുലന്‍സ് വരാന്‍ വൈകിയതും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ നാല് മണിക്കൂര്‍ എടുത്തതും ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ ഇയാള്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അടിവസ്ത്രത്തിലെ പോക്കറ്റില്‍ കരുതിയിരുന്ന നമ്പറുകളില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ മോഷണം ലക്ഷ്യമിട്ടല്ല അവിടെ എത്തിയത് എന്നതും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
