എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ല; കെ എന്‍ എ ഖാദറിന്റെ മുന്‍ അഭിപ്രായം മറക്കാമോ? ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം; അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കോണ്‍ഗ്രസ്; മനസു തുറക്കാതെ ലീഗ് നേതൃത്വം; ലീഗ് എല്‍.ഡി.എഫിലേക്കോ ?
ലീഗ് എല്‍.ഡി.എഫിലേക്കോ ?
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ സംഗമത്തില്‍ പങ്കെടുക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചതോടെ ലീഗിന്റെ എല്‍.ഡി.എഫിലേക്കുള്ള മുന്നണി പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. ന്യൂനപക്ഷ സംഗമത്തിലെ പങ്കാളിത്തത്തിലൂടെ ലീഗിനെ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ സി.പി.എം ശ്രമിക്കുമ്പോള്‍ അതിന് കര്‍ശനമായി തടയിടണമെന്ന അഭിപ്രായത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.
ന്യൂനപക്ഷ സംഗമത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷം വിട്ടുനില്‍ക്കുമ്പോള്‍ അനുകൂല നിലപാട് കൈക്കൊള്ളുന്ന മുസ്ലീം ലീഗിനോട് കടുത്ത എതിര്‍പ്പിലാണ് യു.ഡി.എഫ്. ഇതുസംബന്ധിച്ച ചര്‍ച്ചക്കായി യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ലീഗ് നേതൃത്വം വഴങ്ങിയിട്ടില്ല. ന്യൂനപക്ഷ സംഗമത്തില്‍ നിന്നും പിന്‍മാറാന്‍ ലീഗിനോട് കര്‍ശനമായി നിര്‍ദ്ദേശിക്കണമെന്ന് കെ.പി.സി.സി തലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വിഷന്‍ 2031 പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പാണ് ന്യൂനപക്ഷ സംഗമം നടത്തുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനുള്ള വേദിയൊരുക്കലാണ് ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിനു മുന്നോടിയായി ന്യൂനപക്ഷ വിഭാഗങ്ങളെ കൈയ്യിലെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേരാകും സംഗമത്തില്‍ പങ്കെടുക്കുക. ഒക്ടോബറില്‍ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. സാമുദായിക പ്രതിനിധികളുടെ സമയം കൂടി തേടിയ ശേഷമാകും തീരുമാനം.
ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായതിനാല്‍ പങ്കെടുക്കുമെന്നാണ് ലീഗ് അറിയിച്ചിട്ടുള്ളത്. ലീഗിന്റെ നിലപാടിനെതിരെ യു.ഡി.എഫില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. യു.ഡി.എഫിലെ പ്രതിഷേധം അറിയിക്കാനും ലീഗ് നിലപാട് മാറ്റണമെന്ന് അറിയിക്കാനും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ലീഗ് നേതൃത്വത്തെ കാണാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ ഒഴിയുകയാണ് ലീഗ് നേതൃത്വം ചെയ്യുന്നത്. എല്‍.ഡി.എഫിലേക്കുള്ള ലീഗിന്റെ ചായ്വാണ് ഇതു വ്യക്തമാക്കുന്നതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ലെന്ന ലീഗ് നേതാവ് കെ.എന്‍.എ. ഖാദറിന്റെ മുന്‍ അഭിപ്രായം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിലവിലെ സ്ഥിതി വിലയിരുത്തുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും ഞങ്ങളുടെ സഖ്യകക്ഷിയാണ്. രണ്ടിനെയും ഒരുമിച്ച് കിട്ടിയാല്‍ തരക്കേടില്ലെന്നുണ്ട്. ഒരുമിച്ച് കിട്ടാത്തതുകൊണ്ട് ഞങ്ങള്‍ ഒന്നിന്റെ കൂടെ നില്‍ക്കുകയാണെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. മുസ്ലിം ലീഗിനോടുള്ള നിലപാടില്‍ സി.പി.എമ്മും ഈയ്യിടെ അയവു വരുത്തിയിരുന്നു. ഇത് തുറന്നു പറയാതെ വിഷയാധിഷ്ഠിത നിലപാടുകളെ സ്വാഗതം ചെയ്യുന്നത് മുന്നണിപ്രവേശനമായി കാണേണ്ടതില്ലെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായം. ഗവര്‍ണറുടെ വിഷയത്തിലും വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടും ലീഗ് സ്വീകരിച്ച നിലപാടിനെയും സി.പി.എം അഭിനന്ദിച്ചിരുന്നു.
കേരള വികസനത്തിനു വേണ്ടിയും സംഘപരിവാറിനെതിരെയുമുള്ള പോരാട്ടത്തില്‍ അണിചേരുകയും ചെയ്ത മുസ്ലിം ലീഗ് നിലപാടിനെ സി.പി.എം സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തിരുന്നു. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ പാര്‍ട്ടിയാണെന്നുമുള്ള എം.വി ഗോവിന്ദന്റെ പ്രസ്താവനയും സി.പി.എമ്മിന്റെ നയംമാറ്റത്തിനെയാണ് സൂചിപ്പിച്ചത്. കേരളത്തില്‍ എതിര്‍ക്കുകയും കേരളത്തിനു പുറത്ത് ഇന്ത്യ മുന്നണിയില്‍ എല്ലാവരും ഒന്നാകുകയും ചെയ്യുന്ന വൈരുധ്യമാണ് മുസ്ലീം ലീഗിലെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അമിതമായ കമ്യൂണിസ്റ്റ് വിരോധത്തില്‍ കാര്യമില്ലെന്നും ബി.ജെ.പിക്കെതിരായ പോരാട്ടത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നുമാണ് അവരുടെ അഭിപ്രായം.