ഇപ്പോള്‍ കനത്ത മഴയും വെള്ളപ്പൊക്കവും; വേനല്‍ക്കാലത്ത് കൊടുംചൂടും കാട്ടുതീയും; വിചിത്ര കാലാവസ്ഥയില്‍ പൊറുതിമുട്ടി ഇറ്റലി
വിചിത്ര കാലാവസ്ഥയില്‍ പൊറുതിമുട്ടി ഇറ്റലി
റോം: കനത്ത മഴയും വെള്ളപ്പൊക്കവുമായി ഇറ്റലിയിലെ ഒരു പ്രദേശം ഏറെ ക്ലേശിക്കുകയാണ്. ചിലയിടങ്ങളില്‍ കനത്ത കുത്തൊഴുക്കില്‍ പാലങ്ങള്‍ തകര്‍ന്നതായ റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. കാറുകള്‍ ഒഴുകിപ്പോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരകവിഞ്ഞൊഴുകിയ പുഴയില്‍ അകപ്പെട്ട് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സിസിലിയിലാണ് ഈ ദുരന്തം നടന്നത്. ക്രിസ നദിയാണ് ഇവിടെ കരകവിഞ്ഞൊഴുകുന്നത്. മേഘവിസ്‌ഫോടനത്തിന് സമമായ രീതിയില്‍ ചുരുങ്ങിയ നേരത്ത് വലിയ തോതില്‍ മഴ പെയ്യുകയായിരുന്നു ഇവിടെ.
മെഡിറ്ററേനിയന്‍ കടലിലെ, പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയായ സാര്‍ഡിനിയ ദ്വീപിലും കനത്ത ആലിപ്പഴ വീഴ്ചയും ശംക്തമായ കാറ്റും ഉണ്ടായി. ദ്വീപിന്റെ തെക്കന്‍ ഭാഗത്തെ ആവാസകേന്ദ്രമായ പിമെന്റലില്‍ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി. ഇടിമിന്നലോടുകൂടിയ മഴയും ഇവിടെ അനുഭവപ്പെട്ടു. വടക്കന്‍ ഇറ്റലിയിലെ റിസിയോനിലും കനത്ത കാറ്റും മഴയും അനുഭവപ്പെട്ടു. റോഡുകള്‍ പലതും വെള്ളത്തിനടിയിലായതോടെ വിനോദസഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു.
അതേസമയം വേനല്‍ക്കാലത്ത് കൊടുംചൂടായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. ജൂലായ് മാസത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആറ് ഇടങ്ങളിലായാണ് സിസിലിയില്‍ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. പലേര്‍മോ, ട്രപാനി നഗരങ്ങള്‍ക്കിടയിലും കാട്ടുതീ പൊട്ടിപ്പുറപ്പെട്ടു. നാല് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം വന്‍ പ്രളയത്തില്‍ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും ഇവിടെയുണ്ടായി. പലയിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കേണ്ടതായും വന്നു.