ആന്‍ഡ്രു ആ സമയം ആരോടോ ഫോണില്‍ സംസാരിച്ചു; ഫ്രാന്‍സില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് ദമ്പതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആന്‍ഡ്രു ആ സമയം ആരോടോ ഫോണില്‍ സംസാരിച്ചു
പാരിസ്: ഫ്രാന്‍സിലെ തിരക്കൊഴിഞ്ഞ പട്ടണത്തിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മുന്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണോദ്യോഗസ്ഥന്‍ ആന്‍ഡ്രൂ സേളിന്റെയും (65), ഭാര്യ ഡോണിന്റെയും (56) മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഇവര്‍ വിവാഹിതരായിട്ട് കേവലം രണ്ട് വര്‍ഷമെ ആയിട്ടുള്ളൂ. മരിച്ചു എന്ന് കരുതപ്പെടുന്ന സമയത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ആന്‍ഡ്രൂ ആരോടോ ഫോണിലൂടെ ക്ഷുഭിതനായി സംസാരിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്ന ഒരു സ്ത്രീയാണ് ഇക്കാര്യം പുറത്തു വിട്ടത്. വളര്‍ത്തു നായയുമായി നടക്കാന്‍ ഇറങ്ങിയതായിരുന്നു ആന്‍ഡ്രുവും ഭാര്യയുമെന്ന് അവര്‍ പറയുന്നു. ആന്‍ഡ്രു ആ സമയം ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. വളരെ അസ്വസ്ഥനായിട്ടായിരുന്നു ആന്‍ഡ്രു കാണപ്പെട്ടത്. അയാള്‍ ആരുമായോ ക്ഷുഭിതനായി ഇംഗ്ലീഷില്‍ വാഗ്വാദം നടത്തുകയായിരുന്നു എന്നും ഈ സ്ത്രീ പറായുന്നു. ദമ്പതികളുടെ മരണം, കൊലപാതകവും ആത്മഹത്യയുമായിരുന്നോ എന്ന സംശയം പോലീസ് പരിഗണിക്കുന്നതിനിറ്റെയാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
ഇവരില്‍ ഒരാള്‍ മറ്റെയാളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തതാകാം എന്ന വാദവും പോലീസ് പരിഗണിക്കുന്നുണ്ട്. നേരത്തേ ബ്രിട്ടനില്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്ന ഏജന്‍സികളില്‍ ജോലി ചെയ്തിരുന്ന ആന്‍ഡ്രുവിനെ ബ്രിട്ടീഷ് കുറ്റവാളി സംഘങ്ങളിലൊന്ന് വകവരുത്തിയതാകാം എന്ന വാദവും പോലീസ് പരിഗണിക്കുന്നുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്റെ ഗ്യാരേജിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് ആന്‍ഡ്രൂ അസ്വസ്ഥനായതായി മറ്റൊരു അയല്‍വാസിയും പറയുന്നു.