ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു; ഉടന്‍ തീയണച്ചു സിവില്‍ ഡിഫന്‍സ് സംഘം
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു. ടെര്‍മിനല്‍ ഒന്നില്‍ പാര്‍ക്ക് ചെയ്ത കാറിനാണ് തീപിടിച്ചത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടായതോടെ വന്‍ ദുരന്തം ഒഴിവായി.
തീപിടുത്തം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിങ്വിഷറുകള്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ഇതോടെ മറ്റു കാറുകളിലേക്ക് തീപടര്‍ന്നില്ല.
നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. സാധാരണ വൈദ്യുത തകരാര്‍, മോട്ടോര്‍ ഓയില്‍, ഡീസല്‍ തുടങ്ങിയ ജ്വലന ശേഷിയുള്ള ദ്രാവകങ്ങളുടെ ചോര്‍ച്ച എന്നിവ കാരണമാണ് വാഹനങ്ങള്‍ക്ക് തീ പിടിക്കാറ്. സൂക്ഷ്മമായ വാഹന പരിശോധനകളും കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടതും തീപിടിക്കല്‍ ഒഴിവാക്കുന്നതിന് നിര്‍ണായകമാണെന്ന് ദുബായ് പോലീസ് മുന്നറിയിപ്പു നല്കി.