ബ്രിട്ടനില്‍ വീണ്ടും കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; കുടിയേറ്റക്കാര്‍ക്കെതിരെ ക്രോബറോയില്‍ ആയിരങ്ങള്‍ തെരുവില്‍
ബ്രിട്ടനില്‍ വീണ്ടും കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; കുടിയേറ്റക്കാര്‍ക്കെതിരെ ക്രോബറോയില്‍ ആയിരങ്ങള്‍ തെരുവില്‍
ലണ്ടന്‍: സസ്സ്‌ക്‌സ് പട്ടണത്തിലെ മുന്‍ സൈനിക ക്യാമ്പില്‍ നൂറ് കണക്കിന് അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നത് പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദേശം 540 ഓളം പുരുഷ അഭയാര്‍ത്ഥികളെ ഈ മാസം തന്നെ ഇവിടത്തെ ബാരക്കുകളിലെക്ക് മാറ്റിപ്പാര്‍പ്പിക്കും എന്നാണ് കരുതുന്നത്.
ഈ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം തുടര്‍ച്ചയായ ഒന്‍പതാമത്തെ ഞായറാഴ്ചയാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. ക്രോബറോ ആര്‍മി കേഡറ്റ് സെന്ററിന് മുന്‍പില്‍ രാവിലെ പത്ത് മണിയോടെ തന്നെ ആയിരത്തിലധികം പരിസരവാസികളാണ് പ്രതിഷേധവുമായി അണിനിരന്നത്. പിന്നീട് അവര്‍ പട്ടണത്തിലൂടെ പ്രകടനവും നടത്തി. തങ്ങളുടെ പരാതികള്‍ ഹോം ഓഫീസ് ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന പരാതിയും അവര്‍ ഉന്നയിക്കുന്നുണ്ട്.
അഭയാര്‍ത്ഥികളെ പട്ടണത്തില്‍ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ജ്യുഡീഷന്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രോബറോ ഷീല്‍ഡ് എന്ന സംഘം നല്‍കിയ പരാതിയില്‍ പ്രദേശത്തെ വീല്‍ഡന്‍ കൗണ്‍സിലും കക്ഷി ചേര്‍ന്നിട്ടുണ്ട്. 87,000 പൗണ്ടില്‍ അധികം നിയമ നടപടികള്‍ക്കുള്ള ചെലവിനായി പരിസരവാസികള്‍ ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനം സുതാര്യമായ ഒന്നല്ലെന്നും അവര്‍ ആരോപിക്കുന്നു.