ഹമാസിനെ തുണച്ച വനിതാ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍; സമൂഹമാധ്യമങ്ങളില്‍ ജൂതവിരുദ്ധവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ടതിന് നടപടി
ഹമാസിനെ തുണച്ച വനിതാ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
ടെല്‍ അവീവ്: ഒക്ടോബര്‍ 7 ലെ ഹമാസ് ഭീകരരുടെ ആക്രമണത്തെ അഭിനന്ദിച്ച എന്‍ എച്ച് എസ് ഡോക്ടറെ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും 15 മാസത്തേക്ക് വിലക്കിക്കൊണ്ട് ട്രിബ്യൂണല്‍ ഉത്തരവായി. സമൂഹമാധ്യമങ്ങളില്‍ യഹൂദ വിരുദ്ധവും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ടതിനാണ് ഡോക്ടര്‍ റഹ്‌മെഹ് അലാഡ്വാന്‍ എന്ന 31 കാരിക്ക് എതിരെ നടപടി വന്നത്. ഇസ്രയേലികള്‍ നാസികളേക്കാള്‍ മോശമാണെന്നും, യഹൂദ സ്വേച്ഛാധിപത്യം എന്നുമൊക്കെ ആരോപിച്ച് എക്സില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കാനുള്ള യോഗ്യതയുണ്ടോ എന്ന കാര്യത്തില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ ഇവര്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
അതിനെ തുടര്‍ന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ് ഇവരെ 15 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തങ്ങളുടെ കണ്ടെത്തലുകള്‍ ട്രൈബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു എന്നാണ് ജി എം സി വക്താവ് പറഞ്ഞത്. അതിന്റെ ഭാഗമായിട്ടാണ് സസ്പെന്‍ഷന്‍ വന്നത്. തങ്ങളുടെ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കുമെന്നും അന്തിമ റിപ്പോര്‍ട്ടിന്മേല്‍ നീതിപൂര്‍വ്വമായ വിധി പ്രതീക്ഷിക്കുന്നു എന്നും വക്താവ് അറിയിച്ചു.