പട്ടിണി നിവാരണത്തില്‍ ബ്രിട്ടന്‍ പരാജയമോ? കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ആറ് കുടുംബങ്ങളില്‍ ഒന്ന് വീതം പട്ടിണി അനുഭവിച്ചെന്ന് റിപ്പോര്‍ട്ട്
പട്ടിണി നിവാരണത്തില്‍ ബ്രിട്ടന്‍ പരാജയമോ?
ലണ്ടന്‍: കുട്ടികള്‍ക്കിടയിലെ പട്ടിണി നിവാരണം ചെയ്യുന്നതിലും, ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന കാര്യത്തിലും ബ്രിട്ടീഷ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആരോപണം ശക്തമാവുകയാണ്. ഇത് പൊതുജനങ്ങളില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്നും, രാഷ്ട്രീയ ബദലിനായുള്ള ആഗ്രഹം ശക്തമാക്കിയിട്ടുണ്ടെന്നും യു കെയിലെ ഏറ്റവും വലിയ ചാരിറ്റി ഭക്ഷണ ദാതാവ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ആറില്‍ ഒരു ബ്രിട്ടീഷ് കുടുംബം വീതം പട്ടിണി അനുഭവിച്ചു എന്നാണ് ട്രസ്സല്‍ പറയുന്നത്. പട്ടിണി നിവാരണത്തിനായി ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടായതുമില്ല. സമൂഹത്തിലാകെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ ഒരു ന്യൂ നോര്‍മലുമായി പൊരുത്തപ്പെടുകയാണെന്നും അവര്‍ പറയുന്നു.
ഒരു ജോലി ഉണ്ട് എന്നത് ഒരിക്കലും പട്ടിണിക്കെതിരെയുള്ള ഒരു പ്രതിരോധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു. കുറഞ്ഞ വരുമാനക്കാരും, തൊഴില്‍ സ്ഥിരതയില്ലാത്ത കെയറര്‍മാര്‍, ബസ്സ് ഡ്രൈവര്‍മാര്‍ എന്നിവരാണ് ഭക്ഷണകാര്യത്തിലെ അരക്ഷിതാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്നതെന്നും ചാരിറ്റി ചൂണ്ടിക്കാട്ടുന്നു. അതായത്, അവര്‍ക്ക് എന്നും മതിയാവോളം ഭക്ഷണം കഴിക്കാം എന്ന് ഒരു ഉറപ്പുമില്ല. പലപ്പോഴും ഒരു നേരത്തെ ആഹരമെങ്കിലും ഉപേക്ഷിക്കേണ്ടതായി വരുന്നു. 2024 ല്‍ ഫുഡ് ബാങ്കിനെ ആശ്രയിച്ച 10 പേരില്‍ 3 പേര്‍ തൊഴില്‍ ഉള്ളവരായിരുന്നു എന്നും അവര്‍ പറയുന്നു.