ഇറ്റലിയിലെ മാല്‍പെന്‍സ വിമാനത്താവളത്തില്‍ തീപിടുത്തം; വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടു

ഇറ്റലിയിലെ മാല്‍പെന്‍സ വിമാനത്താവളത്തില്‍ തീപിടുത്തം; വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടു

Update: 2025-08-21 06:59 GMT

മിലാന്‍: ഇറ്റലിയിലെ മിലാനിലുള്ള മാല്‍പെന്‍സ വിമാനത്താവളത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിന്ന് വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടു. ഒരാള്‍ ബിന്നുകള്‍ക്ക് തീയിടുകയും ചെക്ക്-ഇന്‍ സ്‌ക്രീനുകള്‍ തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ സംഭവം നടന്നത്. ഇന്നലെയാണ് സംഭവം നടന്നത്. ടെര്‍മിനല്‍ ഒന്നിലെ ജീവനക്കാര്‍ ഒരു ചുറ്റികയുമായി എത്തിയ യാത്രക്കാരനെ പിടികൂടുകയായിരുന്നു. ഇയാളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ടെര്‍മിനലിനുള്ളില്‍ നിന്ന് കറുത്ത പുക ഉയരുന്നത് കാണുകയും യാത്രക്കാര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുന്നത് കാണാമായിരുന്നു. ഒരാളിനെ നിലത്തു കെട്ടിയിട്ടിരിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ജീവനക്കാര്‍ അയാളെ തടഞ്ഞുവെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഒരു ജീവനക്കാരന്‍ ഇടപെട്ടതായി ഇറ്റാലിയന്‍ മാധ്യമമായ വരീസ് ന്യൂസ് പറഞ്ഞു. പ്രതി ഡെസ്‌കുകള്‍ക്കിടയിലുള്ള സ്‌ക്രീനുകള്‍ നശിപ്പിക്കുകയായിരുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്. പ്രതിയെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ 20 വയസ് പ്രായമുള്ള ഇറ്റലിയിലെ മാലിയന്‍ സ്വദേശി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി റിപ്പോര്‍ട്ടില്ല. ഇയാള്‍ക്ക് ബോര്‍ഡിംഗ് പാസ് ഇല്ലായിരുന്നു എന്നും അദ്ദേഹം ഒരു യാത്രക്കാരനല്ലായിരുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു. പ്രതിയെ ആദ്യം പിടികൂടിയ ജീവനക്കാരന് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പ്രതി യാത്രക്കാരെയോ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയോ ആക്രമിക്കാതെ വിമാനത്താവള ഫര്‍ണിച്ചറുകള്‍ മാത്രമാണ് നശിപ്പിച്ചത്.

തീജ്വാലകളും പുകയും കാരണം യാത്രക്കാര്‍ നന്നേ വലഞ്ഞിരുന്നു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ തീപിടുത്തം ഒരു തരത്തിലും ബാധിച്ചില്ല. ചില വിമാനങ്ങളുടെ സമയത്തില്‍ ക്രമീകരണം നടത്തേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

Tags:    

Similar News