സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസ്; മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം

Update: 2025-08-26 12:09 GMT

കൊളംബോ: സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ വിക്രമസിംഗെ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രസിഡന്റായിരിക്കെ 2023 സെപ്റ്റംബറില്‍ ഭാര്യ പ്രൊഫസര്‍ മൈത്രി വിക്രമസിംഗെയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് യാത്ര ചെയ്തത് സര്‍ക്കാര്‍ പണം ഉപയോഗിച്ചാണെന്നാണ് കേസ്. 2022 മുതല്‍ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിരുന്നു റനില്‍ വിക്രമസിംഗെ.

രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ദേശീയ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം സൂം വഴിയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. അതേസമയം, കോടതിക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിനും പ്രസിഡന്റിനുമെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. വിക്രമസിംഗെയുടെ അറസ്റ്റിനെതിരെ നേരത്തെ ശ്രീലങ്കയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Tags:    

Similar News