ജീവനക്കാര്‍ സമരത്തില്‍; ഗാറ്റ്വിക് വിമാനത്താവളത്തിലൂടെയുള്ള യാത്ര താറുമാറാകും

ഗാറ്റ്വിക് വിമാനത്താവളത്തിലൂടെയുള്ള യാത്ര താറുമാറാകും

Update: 2025-05-03 05:10 GMT

ലണ്ടന്‍: ഗാറ്റ്വിക് വിമാനത്താവളത്തിലെ രണ്ട് കമ്പനികളില്‍ നിന്നുള്ള ഗ്രൗണ്ട് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ വരും ആഴ്ചകളില്‍ ഇവിടെനിന്നുള്ള യാത്രാ ദുരിതം ഇരട്ടിക്കും. കൂടുതല്‍ വേതനത്തിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുമായി ബഗേജ് ഹാന്‍ഡ്‌ലര്‍മാരും, ചെക്ക് ഇന്‍ ജീവനക്കാരും, ഫ്‌ലൈറ്റ് ഡെസ്പാച്ചര്‍മാരും സമരം ചെയ്ത് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മറ്റൊരു സമരം. റെഡ്‌ലൈന്‍ ഓയില്‍ സര്‍വ്വീസസ് ലിമിറ്റഡിലെ ജീവനക്കാരാണ് ഈ മാസം സമരം പ്രഖ്യാപിച്ചിരിക്കുന്നത്

ഈസി ജെറ്റിന്റെത് ഉള്‍പ്പടെയുള്ള വിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന കമ്പനിയാണ് റെഡ്‌ലൈന്‍ ഓയില്‍ സര്‍വ്വീസസ് ലിമിറ്റഡ്. രണ്ട് വര്‍ഷക്കാലത്തെക്ക് 3.5 ശതമാനം വേതന വര്‍ദ്ധനവ് എന്ന നിര്‍ദ്ദേശം നിരാകരിച്ചുകൊണ്ടാണ് യുണൈറ്റ് യൂണിയനിലെ അംഗങ്ങളായ ജീവനക്കാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 16 ന് ആണ് ആദ്യ വട്ട സമരം. ഇത് തിരക്കേറിയ വേനലവധിക്കാലത്ത് വിമാനങ്ങള്‍ റദ്ദാക്കാനും വൈകുന്നതിനും ഇടയാക്കുമെന്ന് യൂണിയന്‍ സമ്മതിച്ചിട്ടുണ്ട്.

അതിനിടയില്‍, റെഡ് ഹാന്‍ഡ്‌ലിംഗ് നിയമിച്ചിരിക്കുന്ന 100 ല്‍ അധികം ജീവനക്കാര്‍ മെയ് 11 മുതല്‍ തുടര്‍ച്ചയായ നാല് ശനിയാഴ്ചകളില്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും യുണൈറ്റ് യൂണിയന്റെ നേതൃത്വത്തിലാണ്. പ്രതിദിനം 50 ന് അടുത്ത് വിമാനങ്ങളുടെ സര്‍വ്വീസിനെ ഇത് ബാധിക്കും എന്നാണ് കരുതുന്നത്. ഡെല്‍റ്റ, ടി എ പി, നോര്‍വീജിയന്‍ എയര്‍ലൈന്‍സ് എന്നിവയുള്‍പ്പടെയുള്ള വിമാനക്കമ്പനികളുടെ സര്‍വ്വീസുകളെ ഈ സമരം ബാധിക്കും. നല്‍കാത്ത പെന്‍ഷന്‍, വൈകി നല്‍കുന്ന വേതനം, നിയമവിരുദ്ധമായ ഷിഫ്റ്റ് പാറ്റേണുകള്‍ എന്ന് തുടങ്ങി ഒന്നിലധികം കാരണങ്ങളാണ് ഈ സമരത്തിനു പുറകിലുള്ളത്.

Tags:    

Similar News