ഐറിഷ് യുവതിയെ കൊന്ന ഇന്ത്യാക്കാരന് ജീവപര്യന്തം; ആഡംബര കപ്പലില്‍ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് ഇന്ത്യന്‍ ഷെഫ് ജയിലിലേക്ക്
ഐറിഷ് യുവതിയെ കൊന്ന ഇന്ത്യാക്കാരന് ജീവപര്യന്തം
ഡബ്ലിന്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോവയില്‍ വെച്ച് ഒരു ഐറിഷ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിയായ വികാത് ഭഗത്തിനെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. 2017 മാര്‍ച്ചിലായിരുന്നു ഡാനിയെല മെക്ലാഗ്ലിന്‍ എന്ന 28 കാരി ഗോവയില്‍ കൊല്ലപ്പെട്ടത്. നേരത്തേ, ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇന്നലെയായിരുന്നു ശിക്ഷ വിധിച്ചത്.
ബലാത്സംഗം ചെയ്ത ശേഷം യുവതിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോവ, പാലോലെം ബീച്ചിനടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്നായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മകളുടെ നഷ്ടം നികത്താന്‍ ഒന്നിനുമാകില്ലെന്നും എന്നാലും വിധിയില്‍ തൃപ്തരാണെന്നും മെക്ലഗ്ലിന്റെ മാതാപിതാക്കള്‍ അവരുടെ അഭിഭാഷകന്‍ മുഖാന്തിരം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു ശേഷം, ആളെ തിരിച്ചറിയീീതിരിക്കാനായി അവരുടെ മുഖം പ്രതി ബിയര്‍ കുപ്പികൊണ്ട് അടിച്ചു തകര്‍ത്തതായി ഫൊറെന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. നട്ടെല്ലിനേറ്റ ആഘാതവും, കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമായി പറയുന്നത്.
ആഡംബര കപ്പലില്‍ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് ഇന്ത്യന്‍ ഷെഫ് ജയിലിലേക്ക്
രാത്രി ഏറെ വൈകിയ സമയത്ത് ആഡംബര കപ്പലിനുള്ളില്‍ വെച്ച് ഒരു കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച വിന്‍സന്റ് ലൂക്കാസ് എന്ന ഇന്ത്യന്‍ വംശജനായ 34 കാരന് ജയില്‍ ശിക്ഷ. കൗമാരക്കാര്‍ക്കായി മാറ്റിവെച്ച സ്ഥലത്ത് വെച്ചാണ് ഇയാള്‍ പീഢനം നടത്തിയത്. സ്‌കൈ പ്രിന്‍സസ് എന്ന ആഡംബര കപ്പലില്‍ തന്റെ കുറ്റുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇര.
ഷെഫിന്റെ അതിക്രമത്തിന്റെ ആഘാതം ജീവിതകാലം മുഴുവന്‍ ഇരയെ പിന്തുടരുമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞത്. യാത്രകഴിഞ്ഞ് കപ്പല്‍ സൗത്താംപ്ടണിലെ ഹാംപ്ഷയറിലേക്ക് മടങ്ങവെയായിരുന്നു ഗോവ സ്വദേശിയായ ലൂക്കാ കൗമാരക്കാരിയെ ആക്രമിച്ചത്. ഒരു വര്‍ഷത്തെ തടവിനാണ് സൗത്താംപ്ടണ്‍ ക്രൗണ്‍ കോടതി ഇയാളെ ശിക്ഷിച്ചത്. നാലു ദിവസത്തെ വിചാരണയ്ക്ക് ശേഷം ഇയാള്‍ കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തുകയും ചെയ്യും.