മെറ്റേര്‍ണിറ്റി വാര്‍ഡില്‍ ചുറ്റി നടന്ന ആറ് വയസ്സുകാരന്‍ നവജാത ശിശുവിന്റെ ജീവന്‍ എടുത്തു; പാവയാണെന്ന് കരുതി കൈയ്യിലെടുത്ത ബാലന്‍ കുഞ്ഞിനെ താഴെയിട്ടു
പാവയാണെന്ന് കരുതി കൈയ്യിലെടുത്ത ബാലന്‍ കുഞ്ഞിനെ താഴെയിട്ടു
ലണ്ടന്‍: ഒരു ആശുപത്രിയുടെ മറ്റേണിറ്റി വാര്‍ഡില്‍ സ്വതന്ത്രമായി കറങ്ങി നടക്കാന്‍ അനുവദിച്ച ആറു വയസ്സുകാരന്‍ നവജാത ശിശുവിന്റെ ജീവനെടുത്തതായി ആരോപണം. കുട്ടിയെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്നതിനെതിരെ നവജാത ശിശുവിന്റെ മാതാപിതാക്കള്‍ പരാതിപ്പെട്ടതായും പറയപ്പെടുന്നു. ഫ്രാന്‍സിലെ ലില്ലി നഗരത്തിലുള്ള ജിയാന്‍ ഡി ഫ്‌ലാന്‍ഡ്രെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ മറ്റേണിറ്റി വാര്‍ഡില്‍ നടന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴര മാസത്തില്‍, ഗര്‍ഭ കാലാവധി പൂര്‍ത്തിയാകാതെ ജനിച്ച കുട്ടിയാണ് മരണമടഞ്ഞത്.
നവജാത ശിശുവിനെ ഒരു പാവയാണെന്ന് കരുതി കൈയ്യിലെടുത്ത ആറ് വയസ്സുകാരന്‍, കുഞ്ഞിനെ താഴെയിട്ടപ്പോള്‍ സംഭവിച്ച മസ്തിഷ്‌ക ക്ഷതം കൊണ്ടാണ് മരണമടഞ്ഞതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബോധാവസ്ഥയിലുള്ള നവജാത ശിശുവിനൊപ്പം ഏകനായ ബാലനെ കണ്ട ഉടന്‍ തന്നെ പരാതികള്‍ നല്‍കിയെങ്കിലും കുട്ടിയെ നീക്കം ചെയ്തില്ല എന്നും പറയപ്പെടുന്നു. അമ്മയുടെ ആദ്യ കുട്ടിയായിരുന്നു മരണമടഞ്ഞ ശിശുവെന്നും സിസേറിയന്‍ ശസ്ത്രക്രിയ വഴിയായിരുന്നു പ്രസവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റേണിറ്റി വാര്‍ഡില്‍ തന്നെ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ മകനാണ് വാര്‍ഡിനകത്ത് നിയന്ത്രണമില്ലാതെ ചുറ്റിത്തിരിഞ്ഞിരുന്നത്. വാര്‍ഡിലുണ്ടായിരുന്ന മറ്റ് അമ്മമാരും ഇതിനെതിരെ പരാതികള്‍ ഉന്നയിച്ചിരുന്നു. വാര്‍ഡിലെ നഴ്സ് ഈ ബാലന്റെ അമ്മക്ക് കുട്ടി, മറ്റ് മുറികളില്‍ കയറുന്നതിനെതിരെ മുന്നറിയിപ്പും നല്‍കിയിരുന്നു. നവജാത ശിശുവിന്റെ അമ്മ ആശുപത്രി വിടാനൊരുങ്ങി ഡിസ്ചാര്‍ജ്ജ് പേപ്പറുകള്‍ പൂരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്.