കൊക്കെയ്‌നും മദ്യവും ഉപയോഗിച്ച ശേഷം അമിത വേഗതയില്‍ വാഹനം ഓടിച്ചു; ടെന്നീസ് കളിക്കാരായ രണ്ട് കൗമാരക്കാരെ കൊലപ്പടുത്തി: ഇന്ത്യക്കാരന് 25 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി

കൊക്കെയ്ൻ ലഹരിയിൽ 150 കി.മീ വേഗത്തിൽ വാഹനമോടിച്ച് രണ്ടു കൗമാരക്കാരെ കൊലപ്പെടുത്തി: ഇന്ത്യക്കാരന് 25 വർഷം തടവ്

Update: 2025-02-09 02:16 GMT

ന്യൂയോര്‍ക്ക്: മദ്യവും മയക്കു മരുന്നും ഉപയോഗിച്ച ശേഷം അമിത വേഗത്തില്‍ വാഹനം ഓടിച്ച് രണ്ട് കൗമാരക്കാരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് 25 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി. അമന്‍ദീപ് സിങ് എന്ന 36കാരനാണ് ശിക്ഷിക്കപ്പെട്ടത്. 150 കി.മീ വേഗത്തില്‍ തെറ്റായ ദിശയില്‍ ട്രക്ക് ഓടിച്ച അമന്‍ദീപ് ടെന്നിസ് കളിക്കാരായ രണ്ടു കൗമാരക്കാരെ കൊലപ്പെടുത്തുക ആയിരുന്നു.

ന്യൂയോര്‍ക്കിനടുത്ത് ലോങ് ഐലന്‍ഡില്‍ 2023ലായിരുന്നു സംഭവം. 14 വയസ്സുള്ള ഏതന്‍ ഫാള്‍കോവിത്സ്, ഡ്ര്യൂ ഹാസന്‍ ബിഗ് എന്നിവരാണ് മരിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മിനോളയിലെ കോടതി മുറിയില്‍ വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. കുട്ടികളുടെ ബന്ധുക്കള്‍ പ്രതിക്കെതിരെ തങ്ങളുടെ രോഷം വിളിച്ചു പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സംഭവ സമയത്ത് കുട്ടികള്‍ ടെന്നിസ് മത്സരം കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുമ്പോഴാണ് അപകടം.

രണ്ടു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ പ്രതി കൊക്കെയ്‌നും മദ്യവും അമിത തോതില്‍ ഉപയോഗിച്ചിരുന്നതായി കോടതിയില്‍ തെളിഞ്ഞു. അനുവദനീയമായതിന്റെ ഇരട്ടി അളവില്‍ മദ്യത്തിന്റെ അംശം പ്രതിയുടെ രക്തത്തില്‍ അടങ്ങിയതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു.

അപകട ശേഷം സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിറകില്‍ ഒളിക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ട്രക്കില്‍ നിന്ന് മദ്യകുപ്പികളും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ശിക്ഷയില്‍ ഇളവ് ഉണ്ടാകില്ലെന്ന് നസാഉ കണ്‍ട്രി ഡിസ്ട്രിക്ട് അറ്റോര്‍ണി ജെയിംസ് കുറ്റാര്‍നോസ് അറിയിച്ചു.

Tags:    

Similar News