ലണ്ടന്‍ നഗരത്തിന്റെ ഇരട്ടി വലിപ്പമുള്ള മഞ്ഞുമല സൗത്ത് ജോര്‍ജ്ജിയ ദ്വീപിന് സമീപം; മല്‍സ്യബന്ധന കപ്പലുകള്‍ക്ക് ഭീഷണി; ആവാസ വ്യവസ്ഥയെ ബാധിക്കുമോയെന്ന് നിരീക്ഷിച്ച് ഗവേഷകര്‍

ലണ്ടന്‍ നഗരത്തിന്റെ ഇരട്ടി വലിപ്പമുള്ള മഞ്ഞുമല സൗത്ത് ജോര്‍ജ്ജിയ ദ്വീപിന് സമീപം

Update: 2025-03-06 09:19 GMT

ലോകത്തെ ഏറ്റവും വലിയ മഞ്ഞുമലയായ എ 23 എ സൗത്ത് ജോര്‍ജ്ജിയ ദ്വീപിന് സമീപത്ത് എത്തി. ലണ്ടന്‍ നഗരത്തിന്റെ ഇരട്ടി വലിപ്പം ഉള്ളതാണ് ഈ മഞ്ഞുമല. ഒരു ട്രില്യണ്‍ ടണ്‍ ഭാരമാണ് ഇതിനുള്ളത്. ആനകള്‍, അപൂര്‍വ്വ ഇനം പക്ഷികള്‍, കിങ്് പെന്‍ഗ്വിനുകള്‍ എന്നിവയുടെ ആവാസ കേന്ദ്രമാണ് സൗത്ത് ജോര്‍ജ്ജിയ ദ്വീപ്. 1986 ല്‍ അന്റാര്‍ട്ടിക്കയിലെ ഫില്‍ച്നര്‍ ഐസ്ബര്‍ഗില്‍ നിന്ന് അടര്‍ന്ന് മാറിയതാണ് ഈ മഞ്ഞുമല.

തുടര്‍ന്ന് 30 വര്‍ഷത്തോളം വെഡല്‍ കടലിന്റെ അടിയില്‍ ഇത് അനങ്ങാതെ കിടക്കുകയായിരുന്നു. എന്നാല്‍ 2020 മുതല്‍ ഈ മഞ്ഞുമല തെക്കന്‍ സമുദ്രജല പ്രവാഹങ്ങളുമായി ചേര്‍ന്ന് ദക്ഷിണ ജോര്‍ജ്ജിയയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കടലിലെ ഉഷ്ണ ജല പ്രവാഹത്തിന്റെ ചൂടും ശക്തമായ തിരമാലകളും കാരണം ഈ മഞ്ഞുമല ചെറിയ മഞ്ഞുമലകളായി വിഘടിച്ച് ഒടുവില്‍ ഉരുകിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം ചെറിയ മഞ്ഞുമലകള്‍ ഒരു പക്ഷെ മല്‍സ്യബന്ധന കപ്പലുകള്‍ക്ക് ഭീഷണിയാകാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

എന്നാല്‍ ഇവയില്‍ നിന്ന് പുറത്തു വരുന്ന പോഷകങ്ങള്‍ പെന്‍ഗ്വിനുകള്‍ക്കും സീലുകള്‍ക്കും ഗുണകരമാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. 2020 മുതല്‍ വൈഡന്‍ കടലില്‍ നിന്ന് വിശാലമായ ദക്ഷിണ അറ്റ്ലാന്റിക്കിലേക്ക് നീങ്ങുന്ന എ 23 എ മഞ്ഞുമലയെ 2023 മുതല്‍ ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വ്വേ വിഭാഗം കൃത്യമായി നിരീക്ഷിക്കുകയും അതിന്റെ യാത്രാഗതി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഒരു മേഖലയില്‍ ഇത് കുടുങ്ങിപ്പോയിരുന്നു. മഞ്ഞുമല ഇപ്പോള്‍ സൗത്ത് ജോര്‍ജ്ജിയയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ മാസം ഒന്നാം തീയതി മുതല്‍ ഇത് ചലിക്കുന്നില്ല എന്നാണ് ബ്രിട്ടീഷ് അറ്റ്ലാന്റിക് സര്‍വ്വേ വിഭാഗം വ്യക്തമാക്കുന്നത്. മഞ്ഞുമല ഇത്തരത്തില്‍ ഇവിടെ തുടരുകയാണെങ്കില്‍ അത് ദക്ഷിണ ജോര്‍ജ്ജിയയിലെ വന്യജീവികളെ ഗുരുതരമായി ബാധിക്കില്ലെന്നാണ് സര്‍വ്വേ വിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോ.ആന്‍ഡ്രൂ മെയ്ജേഴ്സ് പറയുന്നത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇത് വഴി കടന്നു പോകുന്ന പല മഞ്ഞുമലകളും ഉരുകുകയും ചിതറിപ്പോകുകയും ചെയ്യുന്നതാണ് പതിവ്. എന്നാല്‍ മല്‍സ്യബന്ധനത്തെ ഇത് ദോഷകരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഈ മഞ്ഞുമല പ്രദേശത്തെ ആവാസ വ്യവസ്ഥയെ എങ്ങനെ

ബാധിക്കുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ ഉററുനോക്കുന്നത്.

എന്നാല്‍ ഉപഗ്രഹങ്ങളിലൂടെ ട്രാക്ക് ചെയ്യുമ്പോള്‍ മനസിലായത് മഞ്ഞുമല അതിന്റെ സ്വാഭാവികമായ ഘടന നിലനിര്‍ത്തുണ്ടെന്ന് തന്നെയാണ്. ഇത്തരം മഞ്ഞുമലകള്‍ അപൂര്‍വ്വമാണെന്നും കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇതിനൊക്കെ കാരണമായി മാറിയതെന്നുമാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരു ഉയര്‍ന്ന മതില്‍ പോലെയാണ് ഈ മഞ്ഞുമല കാണപ്പെടുന്നതെന്നും ചക്രവാളത്തില്‍ നിന്ന് ചക്രവാളത്തിലേക്ക് അത് നീണ്ടുകിടക്കുന്നു എന്നുമാണ് ഡോ.ആന്‍ഡ്രൂ മെയ്ജേഴ്സ് വിശേഷിപ്പിക്കുന്നത്.

Tags:    

Similar News