മനുഷ്യ ജീവന് തന്നെ ഭീഷണി; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു; കടുത്ത തീരുമാനവുമായി സർക്കാർ; കരടികളെ വെടിവച്ചു കൊല്ലാൻ തീരുമാനിച്ച് ഈ രാജ്യം!
ബ്രാറ്റിസ്ലാവാ: രാജ്യത്ത് മനുഷ്യന് തന്നെ ഭീഷണിയാകുന്ന 350 കരടികളെ വെടിവച്ചു കൊല്ലാൻ തീരുമാനം എടുത്ത് സ്ലോവാക്യ. അടുത്തിടെ കരടിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിൽ തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ഏകദേശം 1,300 ബ്രൗൺ ബിയറുകൾ സ്ലോവാക്യയിലുണ്ടെന്നാണ് കണക്ക്. മനുഷ്യർക്ക് നേരെയുള്ള ഇവയുടെ ആക്രമണം ഉയരുന്നതായും കണക്കുകൾ പറയുന്നു.
ജനങ്ങൾ ഭയത്തോടെ കഴിയാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്‌സോ അറിയിച്ചു. സ്ലോവാക്യയിലെ 79 ജില്ലകളിൽ 55 എണ്ണത്തിലാണ് കരടികളെ വെടിവച്ചുകൊല്ലാൻ അനുമതി. റൊമേനിയ, പടിഞ്ഞാറൻ യുക്രെയിൻ, സ്ലോവാക്യ, പോളണ്ട് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രശസ്തമായ കാർപേത്യൻ പർവ്വതനിരകളിൽ കരടികളുടെ സാന്നിദ്ധ്യം സാധാരണമാണ്. കഴിഞ്ഞ വർഷം 500ഓളം കരടികളെ റൊമേനിയയിൽ കൊന്നിരുന്നു.സർക്കാർ തീരുമാനത്തിൽ ജനങ്ങൾ കൈയ്യടിക്കുകയും ചെയ്തു.