തര്‍ക്കം രൂക്ഷമായതോടെ സാന്താക്രൂസ് സെഗുരയെ ആക്രമിച്ചു; കൊളംബിയ വിമാനത്താവളത്തിലെ അടി ചര്‍ച്ചകളില്‍

Update: 2025-08-01 08:41 GMT

വിമാനത്തിനുള്ളിലും വിമാനത്താവളങ്ങളിലും എല്ലാം സംഘര്‍ഷം ഉണ്ടാക്കുന്നത് ഇപ്പോള്‍ ചിലര്‍ സ്ഥിരമായി തുടര്‍ന്ന് വരുന്ന ഒരു രീതിയാണ്. അങ്ങേയറ്റം സുരക്ഷിതമായി കരുതപ്പെടുന്ന മേഖലകളില്‍ ഇത്തരക്കാര്‍ വരുത്തി വെയ്ക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഈയിടെ കൊളംബിയയിലെ വിമാനത്താവളത്തില്‍ ഒരു യാത്രക്കാരന്‍ വിമാനത്താവള ടെര്‍മിനലിനുള്ളിലെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരു വനിതാ അഭിഭാഷകയെ മര്‍ദ്ദിച്ചതിന് അറസ്റ്റിലായിരിക്കുകയാണ്.

ഇയാള്‍ ഒരു ബിസിനസുകാരനാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബൊഗോട്ടയിലെ എല്‍ ഡൊറാഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റ് 9 ലാണ് സംഭവം നടന്നത്. ഹെക്ടര്‍ സാന്താക്രൂസ് എന്ന ഇയാള്‍ ക്ലോഡിയ സെഗുറ എന്ന സ്ത്രീയോട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. തന്റെ ഭാര്യയെ അടുത്തിരുത്തുന്നതിന് വേണ്ടിയാണ് ഇയാള്‍ ക്ലോഡിയ സെഗുറയോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രശ്നം ഉണ്ടാക്കിയത്. തര്‍ക്കം രൂക്ഷമായതോടെ സാന്താക്രൂസ് സെഗുരയെ ആക്രമിക്കുകയായിരുന്നു. സെഗുരയുടെ കൈയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചതിന് ശേഷം ഇയാള്‍ അവരുടെ മുഖത്തടിക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് യാത്രക്കാര്‍ സെഗുരയെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.

അവര്‍ സാന്താക്രൂസിനെ പിന്നിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ഇയാളുടെ ഭാര്യ എഴുന്നേറ്റ് ഇടപെടുകയായിരുന്നു. സെഗുരയെ ആക്രമിച്ചതിന് നിരവധി ആളുകള്‍ സാന്താക്രൂസിന് നേരേ ദേഷ്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ് അവശയായ സെഗുരയെ വിമാനത്താവളത്തിലെ ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ എത്തി സാന്താക്രൂസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ടെര്‍മിനലില്‍ താന്‍ എത്തിയപ്പോള്‍ ഒരൊഴിഞ്ഞ കസേര മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അത് കൊണ്ടാണ് താന്‍ അവിടെ ഇരുന്നത് എന്നുമാണ് സെഗുര മാധ്യമങ്ങളോട് പറഞ്ഞത്. ഇരുന്നതിന് പിന്നാലെ സാന്താക്രൂസ് ത്ന്നോട് എണീക്കാന്‍ ആവശ്യപ്പെട്ടതായും എണീറ്റില്ലെങ്കില്‍ എഴുന്നേല്‍പ്പിക്കാന്‍ അറിയാം എന്ന് ആക്രോശിച്ചതായും അവര്‍ വെളിപ്പെടുത്തി.

സാന്താക്രൂസ് തന്റെ കൈയില്‍ അടിക്കുകയും, ഫോണ്‍ തട്ടിമാറ്റുകയും മുഖത്തും തലയിലും ശക്തമായി ഇടിക്കുകയും ചെയ്തു എന്നും ആഘാതത്തിന്റെ തീവ്രതയില്‍ കമ്മല്‍ ഊരിപ്പോയി എന്നും അവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് ഇരുവരേയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. കഴിഞ്ഞ ദിവസം സാന്താക്രൂസിന്റെ ഭാര്യ ഒരു വീഡിയോയിലൂടെ ക്ഷമാപണം നടത്തിയിരുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റത്തെ അപലപിക്കുകയും ചെയ്തു.

ഒരു സ്ത്രീയെ ശാരീരികമായി ആക്രമിക്കുന്നതായി കാണിച്ചിരിക്കുന്ന വ്യക്തി തന്റെ ഭര്‍ത്താവാണ് എന്നും ഒരു സ്ത്രീ എന്ന നിലയിലും, ഒരു അമ്മ എന്ന നിലയിലും, ഇത് തന്നെ ശരിക്കും വേദനിപ്പിക്കുന്നതായും അവര്‍ വ്യക്തമാക്കി.

Tags:    

Similar News