വിയറ്റ്നാമിനെ വിറപ്പിക്കാൻ 'കാജികി' ചുഴലികൊടുങ്കാറ്റ്; മണിക്കൂറിൽ 116 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശും; അരലക്ഷം പേരെ ഒ​ഴിപ്പിച്ചു; അതീവ ജാഗ്രത

Update: 2025-08-26 07:29 GMT

ഹനോയ്: ദക്ഷിണ ചൈനാ കടലിൽ രൂപം കൊണ്ട കാജികി ചുഴലിക്കാറ്റിനെ തുടർന്ന് വിയറ്റ്നാമിൽ അര ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മണിക്കൂറിൽ 116 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന ചുഴലിക്കാറ്റ് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.

തീരദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള ആളുകളെ ഒഴിപ്പിക്കുന്നതിനായി പതിനേഴായിരത്തോളം സൈനികരെയും ലക്ഷക്കണക്കിന് അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. വിൻ നഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ജനങ്ങൾക്ക് താൽക്കാലിക താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ട്രാൻ ഹോങ് ഹയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ജനജീവിതം ദുസഹമായിട്ടുണ്ട്. താങ്ഹോ, ക്വാൻബിഹ് വിമാനത്താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശം പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കടലിൽ പോയിട്ടുള്ള കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും അടിയന്തരമായി തിരിച്ചെത്താനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

കടൽക്ഷോഭം, കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ എന്നിവയെല്ലാം നിലനിൽക്കുന്ന തീരപ്രദേശമാണ് വിയറ്റ്നാമിലേത്. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ നൂറോളം പേർക്ക് ജീവൻ നഷ്ടമായതായി കാർഷിക മന്ത്രാലയം അറിയിച്ചു. കാജികി ചുഴലിക്കാറ്റ് ചൈനയുടെ തെക്കൻ തീരപ്രദേശമായ ഹൈനാനിലൂടെ കടന്നു വിയറ്റ്നാമിലേക്ക് എത്തുമെന്നാണ് പ്രവചനം. ഞായറാഴ്ച ഹൈനാനിൽ നിന്ന് ഇരുപതിനായിരത്തോളം താമസക്കാരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്.

Tags:    

Similar News