പുലര്‍ച്ചെ ചെവി മുഴങ്ങുന്ന ശബ്ദം; കെട്ടിടങ്ങൾ നിർത്താതെ കുലുങ്ങുന്നത് കണ്ട് ആളുകൾ ഇറങ്ങിയോടി; വെനസ്വേലയെ വിറപ്പിച്ച് ഭൂചലനം; റിക്ടര്‍ സ്‌കെയിൽ 6.2 തീവ്രത രേഖപ്പെടുത്തി; അതീവ ജാഗ്രത
കാരക്കസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെയോടെ വടക്കുപടിഞ്ഞാറൻ വെനസ്വേലയിലാണ് ഭൂകമ്പമുണ്ടായത്. യു.എസ് ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്.
വെനസ്വേലയിലെ സൂലിയാ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന മിനി ഗ്രാൻഡെയ്ക്ക് കിഴക്ക്-വടക്കുകിഴക്കായി 24 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി. ഭൂകമ്പത്തിന്റെ പ്രകമ്പനം വെനസ്വേലയുടെ വിവിധ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടതിന് പുറമെ അയൽരാജ്യമായ കൊളംബിയയിലും ശക്തമായി തന്നെ അനുഭവപ്പെട്ടിട്ടുണ്ട്.
ഇരുരാജ്യങ്ങളിലും അതിർത്തിക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളിൽ നിന്നും ഓഫീസ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ സുരക്ഷയെ മുൻനിർത്തി മാറ്റിപ്പാർപ്പിച്ചു. നിലവിൽ ഇരുരാജ്യങ്ങളിലും നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഭൂകമ്പത്തിന്റെ വ്യാപ്തിയും തുടർചലന സാധ്യതയും വിലയിരുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.