അയാൾ കുറെ നേരം മദ്യപിച്ചു..അവസാനം ബോധം പോയി; പാന്റിലൂടെ മൂത്രമൊഴിച്ച് ഭയങ്കര ശല്യം; നാറ്റം കാരണം ഞാൻ അവസാനം മാറിയിരുന്നു..!!; സോഷ്യൽ മീഡിയയിൽ ചർച്ചയായി സിഇഒയുടെ വാക്കുകൾ

Update: 2025-10-19 08:10 GMT

ന്യൂയോർക്ക്: യുഎസ്സിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികനുണ്ടായ ദുരനുഭവം പങ്കുവെച്ച് വൻഷിവ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ഗൗരവ് ഖേതേർപാൽ രംഗത്തെത്തി. സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

SFO-യിൽ നിന്ന് ഡൽഹിയിലേക്കുള്ള 16 മണിക്കൂർ ദൈർഘ്യമുള്ള വിമാനയാത്രയിൽ, ഖേതേർപാലിന്റെ അടുത്തിരുന്ന 25 വയസ്സുള്ള ഒരു ഇന്ത്യൻ യുവാവ് അതിരുവിട്ട് മദ്യപിച്ചതായാണ് അദ്ദേഹം ആരോപിക്കുന്നത്. IIT മുംബൈയിൽ പഠിച്ച, ബേ ഏരിയയിലെ ഒരു AI സ്റ്റാർട്ടപ്പിൽ ജോലി ചെയ്ത് ഏകദേശം 500,000 ഡോളർ (ഏകദേശം 4 കോടി രൂപ) വാർഷിക വരുമാനം നേടുന്ന വ്യക്തിയായിരുന്നു യുവാവെന്നും അദ്ദേഹം പറയുന്നു. ദീപാവലിക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ്, വിമാനത്തിൽ 11 ബിയറുകൾ കഴിച്ചെന്നും, ഇത് ഫ്ലൈറ്റ് അറ്റൻഡന്റ്മാരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് സംഭവിച്ചതാണെന്നും ഖേതേർപാൽ വിശദീകരിക്കുന്നു.

കൂടുതൽ ബിയർ ലഭിക്കാനായി യുവാവ് തങ്ങളോടും സഹയാത്രികരോടും ആവശ്യപ്പെട്ടെന്നും, അവർ നൽകിയ ബിയർ കഴിച്ചതിന് ശേഷം യുവാവ് ബോധം കെട്ട് പാന്റിൽ മൂത്രമൊഴിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുർഗന്ധം കാരണം കുറച്ചുനേരം തങ്ങൾക്ക് സീറ്റ് മാറേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി.

"വർഷം തോറും ഏകദേശം 4 കോടി രൂപ സമ്പാദിക്കുന്ന ഒരു ഐഐടി ബിരുദധാരി, സിലിക്കൺ വാലിയിൽ തന്റെ അമേരിക്കൻ സ്വപ്നം ജീവിക്കുമ്പോഴും, വിമാനത്തിൽ സൗജന്യമായി ലഭിക്കുന്ന കുറച്ച് ബിയറിനുള്ള ആഗ്രഹം നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നത് അവിശ്വസനീയമാണ്. എപ്പോഴാണ് ലോകത്തിനു മുന്നിൽ ഇന്ത്യക്കാർ സ്വയം അപമാനിക്കുന്നത് നിർത്തുക?" ഖേതേർപാൽ തന്റെ പോസ്റ്റിൽ ചോദിക്കുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

Tags:    

Similar News