മോസ്‌കോയില്‍ നാട്ടുകാരെ ആക്രമിച്ച് കുടിയേറ്റക്കാര്‍; വൈറലായ കൂട്ടത്തല്ലില്‍ 11 പേര്‍ അറസ്റ്റില്‍; നിരവധി പേര്‍ക്ക് പരിക്ക്
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ പ്രോക്ഷീനോ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് സമീപം കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കുടിയേറ്റക്കാരും നാട്ടുകാരുമായി വലിയ സംഘര്‍ഷം. ഇരുമ്പ് ദണ്ഡുകളും കൈക്കോട്ടുകളും അടക്കമുള്ള താല്‍ക്കാലിക ആയുധങ്ങളുമായി എത്തിയ സംഘം പ്രദേശവാസികളെ പിന്തുടര്‍ന്ന് ആക്രമിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ഇതുവരെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഗുണ്ടാപ്രവര്‍ത്തനത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏതാനും കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.
സംഘര്‍ഷത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ പരിഭ്രാന്തരായ പ്രദേശവാസികളെ തെരുവുകളിലൂടെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുന്നതും വീഡിയോകളില്‍ വ്യക്തമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ 15 ഓളം വരുന്ന സായുധരായ സംഘം കോംപ്ലക്‌സിന് ചുറ്റും തടിച്ചുകൂടിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ചിലര്‍ അടച്ചിട്ട ഗേറ്റുകള്‍ ചാടിക്കടന്ന് ആക്രമണം നടത്തുന്നതും, ഒരാളെ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നതും പിന്നീട് വലിച്ചിഴച്ച് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമോ ആരെയാണ് ഇവര്‍ ലക്ഷ്യം വെച്ചതെന്നോ ഇതുവരെ വ്യക്തമല്ല.
അറസ്റ്റിലായ 11 പേരില്‍ ചിലര്‍ കുടിയേറ്റ നിര്‍മ്മാണ തൊഴിലാളികളാണെന്നും ഇവര്‍ നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവരം ലഭിച്ചയുടന്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെ കണ്ടെത്താനുള്ള തീവ്രമായ തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
റഷ്യയുടെ സാമ്പത്തിക വളര്‍ച്ച 3.2 ശതമാനത്തിലെത്തിക്കാന്‍ ദശലക്ഷക്കണക്കിന് വിദഗ്ദ്ധരായ കുടിയേറ്റ തൊഴിലാളികളെ ആവശ്യമാണെന്ന് സ്ബര്‍ബാങ്ക് സിഇഒയും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ ദീര്‍ഘകാല സഖ്യകക്ഷിയുമായ ജര്‍മ്മന്‍ ഗ്രെഫ് പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഘര്‍ഷം നടന്നതെന്നതും ശ്രദ്ധേയമാണ്.