ജപ്പാന്റെ വടക്കന്‍ തീരത്ത് വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി; മൂന്ന് മീറ്റര്‍വരെ ഉയരത്തില്‍ സുനാമി ഉണ്ടാകാമെന്ന് മുന്നറിയിപ്പ്; ടോക്കിയോയില്‍ പോലും പ്രകമ്പനം അനുഭവപ്പെട്ടതായി യു എസ് ജിയോളജിക്കല്‍ സര്‍വേ
ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ജപ്പാന്റെ വടക്കന്‍ തീരത്താണ് ഭൂചലനം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമോറി, ബൊക്കൈഡോ തീരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് മൂന്ന് മീറ്റര്‍വരെ ഉയരത്തില്‍ സുനാമി ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയതായും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതായും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ജപ്പാന്റെ വടക്ക്, കിഴക്കന്‍ മേഖലകളില്‍ രാത്രി 11:15 ന് ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഹൊക്കൈഡോ, അമോറി, ഇവാട്ടെ എന്നീ പ്രവിശ്യകള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി. വാഹനങ്ങളും ലൈറ്റുകളും ആടിയുലയുന്നത് കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.
തീരപ്രദേശങ്ങളില്‍ പരമാവധി 10 അടി (3 മീറ്റര്‍) ഉയരത്തിലുള്ള സുനാമി തിരകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രഭവകേന്ദ്രം കടല്‍ത്തട്ടിന് ഏകദേശം 30 മൈല്‍ (50 കിലോമീറ്റര്‍) അടിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും താമസക്കാര്‍ ഉടന്‍ തന്നെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശിച്ചു.
പ്രദേശങ്ങളിലുള്ളവര്‍ തീരങ്ങളില്‍ നിന്നും നദിമുഖങ്ങളില്‍ നിന്നും (river mouths) മാറിനില്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടോക്കിയോയില്‍ പോലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (USGS) വെളിപ്പെടുത്തി. അയോമോറി പ്രിഫെക്ചറിലെ ഹച്ചിനോഹെയിലെ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ പരിഭ്രാന്തിയുടെ രംഗങ്ങള്‍ വിവരിക്കുകയും ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
