ജനസംഖ്യ കൂട്ടണം; ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും നികുതി കൂട്ടാനൊരുങ്ങി ചൈന: ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും നികുതി കൂട്ടാനൊരുങ്ങി ചൈന
ബെയ്ജിങ്: ജനസംഖ്യാ വര്‍ധനവ് ലക്ഷ്യമിട്ട് ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും മൂല്യവര്‍ധിതനികുതി (വാറ്റ്) ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ചൈന. ജനുവരി ഒന്നിന് നികുതി പ്രാബല്യത്തില്‍വരും. കോണ്ടങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന 13 ശതമാനം വാറ്റ് നല്‍കേണ്ടിവരും. മൂന്നുപതിറ്റാണ്ടുമുന്‍പ് കുടുംബാസൂത്രണം പ്രോത്സാഹിപ്പിച്ച് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഒഴിവാക്കിയ നികുതിയാണ് വീണ്ടും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജനസംഖ്യാച്ചുരുക്കം നേരിടുന്ന സാഹചര്യത്തില്‍ ചൈനീസ് കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കൂട്ടുക ലക്ഷ്യമിട്ടാണ് പദ്ധതി. ജനസംഖ്യ പെരുകിയതോടെ 1980 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ 'ഒറ്റക്കുട്ടിനയം' നടപ്പാക്കി. എന്നാല്‍, ജനസംഖ്യ കുറയാന്‍ തുടങ്ങിയതോടെ 2015-ല്‍ സര്‍ക്കാര്‍ നയം തിരുത്തി രണ്ടുകുട്ടികളാകാമെന്ന വ്യവസ്ഥകൊണ്ടുവന്നു. 2021-ല്‍ അത് മൂന്നാക്കി ഉയര്‍ത്തി. എന്നിട്ടും പ്രയോജനമില്ലാതായതോടെ, കുട്ടികളെ വളര്‍ത്തുന്നതിന് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
അതുകൊണ്ടും കാര്യമായ ഗുണം കാണാത്തതിനാലാണ് ഗര്‍ഭനിരോധന വസ്തുക്കള്‍ക്ക് നികുതിയേര്‍പ്പെടുത്തുന്നത്. എന്നാല്‍ ജനത്തിന് ഇപ്പോഴഉം ഒറ്റക്കുട്ടി നയത്തോടാണ് താല്‍പര്യം. നികുതിയുണ്ടായാലും കോണ്ടം ഉപയോഗിക്കുന്നതാണ് കുട്ടികളെ വളര്‍ത്തുന്നതിനെക്കാള്‍ നല്ലതെന്ന് ചില യുവാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിച്ചു.