അതിഭീകര ശബ്ദത്തോടെ കെട്ടിടങ്ങൾ ആടിയുലഞ്ഞു; പരിഭ്രാന്തിയിൽ ആളുകൾ ചിതറിയോടി; തായ്‌വാനെ ഞെട്ടിച്ച് ശക്തമായ ഭൂചലനം; യിലാനിൽ റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി
തായ്‌പേയ്: തായ്‌വാന്റെ വടക്കുകിഴക്കൻ തീരനഗരമായ യിലാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രിയോടെയുണ്ടായ ഈ ഭൂകമ്പം തായ്‌വാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കുലുക്കമുണ്ടാക്കി.
തായ്‌വാന്റെ വടക്കുകിഴക്കൻ തീരത്തെ പ്രധാന നഗരങ്ങളിലൊന്നായ യിലാൻ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനം. ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ ഉറവിടം എന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭൂകമ്പത്തിന്റെ തീവ്രത വളരെ ഉയർന്നതായതിനാൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്കപ്പെടുന്നു. എന്നാൽ നാശനഷ്ടങ്ങളുടെയും ആൾനാശത്തിന്റെയും കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല.
തലസ്ഥാനമായ തായ്‌പേയി ഉൾപ്പെടെയുള്ള നഗരങ്ങളിൽ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതിനെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ തെരുവുകളിലേക്ക് ഓടിയിറങ്ങി. മെട്രോ ട്രെയിൻ സർവീസുകൾ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവെച്ചു.
ശക്തമായ ഭൂചലനമായതിനാൽ തീരപ്രദേശങ്ങളിൽ സുനാമിക്ക് സാധ്യതയുണ്ടോ എന്ന് അധികൃതർ നിരീക്ഷിച്ചുവരികയാണ്. കടൽത്തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.