മൂത്ത മകൾ കൂടി വിദേശത്തേക്ക് പോയതോടെ ഭയങ്കര..ഒറ്റപ്പെടൽ; ജീവിതം സന്തോഷമില്ലാതെ പോകുന്നതിനിടെ ആ തീരുമാനം; കുറെ നാളത്തെ ആഗ്രഹം നിറവേറ്റി 59 -കാരി
ബെയ്‌ജിങ്: ചൈനയിൽ 59 വയസ്സുകാരിയായ യുവതിക്ക് ഐവിഎഫ് ചികിത്സയിലൂടെ ആൺകുഞ്ഞ് പിറന്നു. തങ്ങളുടെ ഏക മകൾ വിദേശത്ത് താമസിക്കുന്നതിനെ തുടർന്നുണ്ടായ കടുത്ത ഒറ്റപ്പെടൽ അതിജീവിക്കാനാണ് വീണ്ടും അമ്മയാകാൻ തീരുമാനിച്ചതെന്ന് സൂ എന്ന് പേരുള്ള യുവതി അറിയിച്ചു.
കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്ജിയാഗാങ് നമ്പർ 1 പീപ്പിൾസ് ആശുപത്രിയിൽ ജനുവരി 9-ന് സിസേറിയനിലൂടെയായിരുന്നു കുഞ്ഞിന് ജന്മം നൽകിയത്. ജനനസമയത്ത് കുഞ്ഞിന് 2.2 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പ്രാദേശിക വാർത്താ പോർട്ടലായ jsnews.org.cn റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, സൂ ഈ നഗരത്തിലെ ഏറ്റവും പ്രായം കൂടിയ ഗർഭിണിയായി മാറിയിരിക്കുകയാണ്.
മകൾ വിദേശത്തേക്ക് പോയതോടെ താനും ഭർത്താവും കടുത്ത ഒറ്റപ്പെടൽ അനുഭവിച്ചതായും, ഇതോടെയാണ് മറ്റൊരു കുഞ്ഞിനായി തങ്ങൾ ആഗ്രഹിച്ചതെന്നും സൂ പറയുന്നു. വീണ്ടും അമ്മയാകാനുള്ള തന്റെ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, നവജാത ശിശുവിനെ കണ്ടതും അവന്റെ കരച്ചിൽ കേട്ടതും അതിയായ സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത വികാരവുമാണ് തന്നിലുണ്ടാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രായം കൂടുതലായതിനാൽ സൂവിന്റെ ആരോഗ്യകാര്യത്തിൽ ഡോക്ടർമാർ കൃത്യമായ ഒരു പരിചരണ പദ്ധതി തയ്യാറാക്കിയിരുന്നു. ഗർഭിണിയായതിന് പിന്നാലെ നിരവധി ആരോഗ്യപ്രശ്നങ്ങൾ സൂവിനുണ്ടായിരുന്നെങ്കിലും, 33 ആഴ്ചകളും അഞ്ച് ദിവസവും പൂർത്തിയായപ്പോൾ ഡോക്ടർമാർ സിസേറിയൻ നടത്തുകയായിരുന്നു. കുഞ്ഞ് വന്നതോടെ ദമ്പതികളുടെ ദീർഘകാലത്തെ ആഗ്രഹം സഫലമാകുകയും ഇരുവരും വലിയ സന്തോഷത്തിലുമാണ്. മകളുടെ വേർപാടിൽ അനുഭവിച്ച ഒറ്റപ്പെടലിന് സ്നേഹബന്ധങ്ങളുടെ ഊഷ്മളത നൽകി ഒരു പുതിയ അധ്യായം കുറിക്കുകയാണ് ഈ ദമ്പതികൾ.