രോഗികളുടെ സുരക്ഷാ നിലവാരത്തില്‍ ബ്രിട്ടന്‍ ഏറെ പുറകില്‍; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

രോഗികളുടെ സുരക്ഷാ നിലവാരത്തില്‍ ബ്രിട്ടന്‍ ഏറെ പുറകില്‍; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

Update: 2026-01-29 04:45 GMT

ലണ്ടന്‍: രോഗികളുടെ സുരക്ഷാ കാര്യത്തില്‍ നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളുടെ പുറകിലാണ് ബ്രിട്ടന്‍ എന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വന്നു. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ നടത്തിയ രണ്ടാമത്തെ ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് പേഷ്യന്റ് സേഫ്റ്റി പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. പഠന വിധേയമാക്കിയ 38 രാജ്യങ്ങളില്‍ ഇരുപത്തിയൊന്നാം സ്ഥാനമാണ് രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ബ്രിട്ടനുള്ളത്. എന്‍ എച്ച് എസ്സിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് ഇതൊരു തെളിവാണ് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് നോര്‍വേയാണ് തൊട്ടു പുറകിലായി യഥാക്രമം, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുമുണ്ട്. ബ്രിട്ടനും ഏറെ താഴെയായി ഇരുപത്തിയൊന്‍പതാം സ്ഥാനത്താണ് ഫ്രാന്‍സ്. ഗ്രീസ് മുപത്തിയൊന്നാം സ്ഥാനത്തെത്തിയപ്പോള്‍ അമേരിക്ക ഇക്കാര്യത്തില്‍ ഏറെ പുറകിലാണെന്ന് തെളിയിച്ചുകൊണ്ട് മുപ്പത്തിനാലാം സ്ഥാനത്താണ്. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍, കാലമെത്താതെയുള്ള പ്രസവം മൂലമുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍, പ്രസവ സമയത്ത് വരുന്ന മസ്തിഷ്‌ക്ക തകരാറുകള്‍, സെപ്‌സിസ്, മറ്റ് പ്രസവസമയ അണുബാധകള്‍ എന്നിങ്ങനെ പല കാര്യങ്ങളും കണക്കിലെടുത്തായിരുന്നു പഠനം.

കൂടുതല്‍ വേഗത്തില്‍ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ യു കെയില്‍ സംഭവിച്ച പല മരണങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തടയാന്‍ കഴിയുന്ന മരണങ്ങള്‍ തടയുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നിലവാരം പുലര്‍ത്തിയിരുന്നെങ്കില്‍ ബ്രിട്ടനില്‍ 22,789 മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സങ്കീര്‍ണ്ണമായ ചികിത്സകള്‍ക്കായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നതാണ് ബ്രിട്ടനെ ഇക്കാര്യത്തില്‍ ഏറെ പുറകോട്ടടിക്കാന്‍ പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags:    

Similar News