റിഫോം യുകെയും ടോറികളും സഖ്യ സാധ്യത തേടുന്നു; നൈജലിനെ പ്രധാനമന്ത്രിയാക്കിയാല്‍ സഖ്യം നിലവില്‍ വരും

റിഫോം യുകെയും ടോറികളും സഖ്യ സാധ്യത തേടുന്നു; നൈജലിനെ പ്രധാനമന്ത്രിയാക്കിയാല്‍ സഖ്യം നിലവില്‍ വരും

Update: 2025-12-04 05:28 GMT

ലണ്ടന്‍: അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി തന്റെ റിഫോം യുകെ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മില്‍ സഖ്യത്തിലാകാനോ ലയനത്തിനോ സാധ്യതയുള്ളതായി നെയ്ജല്‍ ഫരാജ് തന്റെ പാര്‍ട്ടി അനുഭാവികളോട് പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് വിജയം സുഗമവും സുനിശ്ചിതവുമാക്കാന്‍ ഫരാജ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ഒരു സഹകരണ ഉടമ്പടി ഉണ്ടാക്കുകയോ അതല്ലെങ്കില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ലയനത്തിനുള്ള ശ്രമം നടത്തുകയോ ചെയ്യുമെന്ന് ഫരാജിന്റെ പാര്‍ട്ടിയുടെ ധനസ്രോതസ്സുകളില്‍ ഒരാള്‍ വ്യക്തമാക്കി.

2019 ലെ തെരഞ്ഞെടുപ്പ് കരാറില്‍ ചതിക്കപ്പെട്ടു എന്ന വിചാരം ഇപ്പോഴും ഉള്ളതിനാല്‍, ഇരു പാര്‍ട്ടികളും തമ്മിലുള്ള ഏതൊരു ഉടമ്പടികളും പൂര്‍ണ്ണമായും നെയ്ജല്‍ ഫരാജിന്റെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അടിസ്ഥാനമാക്കിയായിരിക്കുമെന്നും അയാള്‍ പറയുന്നു. ഒരു സഖ്യമോ ലയനമോ അനിവാര്യമാണ് എന്നാണ് ഫരാജ് പറയുന്നതെന്ന് അദ്ദേഹവുമായി അടുത്തിടെ അടുപ്പത്തിലായ മറ്റൊരു വ്യക്തി പറയുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുക്കുമെന്നും ഫരാജ് പറഞ്ഞുവെന്നും അയാള്‍ വെളിപ്പെടുത്തി

നിലവില്‍ ജനപ്രീതിയുടെ കാര്യത്തില്‍ അതിശക്തമായ അടിത്തറ ഉണ്ടെന്നതിനാല്‍, ഏതൊരു സഖ്യവും പൂര്‍ണ്ണമായും തന്റെ പാര്‍ട്ടിയുടെ വലതുപക്ഷ ജനപ്രിയ നിലപാടുകളില്‍ ഉറച്ചുള്ളതായിരിക്കുമെന്നും ഫരാജ് പറയുന്നു. റിഫോം യു കെ ജനപ്രീതിയില്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ അത് പ്രതികൂലമായി ബാധിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തന്നെയാണ്. അടുത്തിടെ നടന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ 17 ശതമാനം സ്‌കോര്‍ മാത്രമാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞത്. അതേസമയം 29 ശതമാനം പോയിന്റുകള്‍ നേടി റിഫോം യു കെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

Tags:    

Similar News