ജോലിഭാരം കുറക്കാന്‍ പത്ത് രോഗികളെ ഇഞ്ചക്ഷന്‍ കൊടുത്ത് കൊന്നു... 27 പേരെ കൊല്ലാന്‍ ശ്രമിച്ചു; ശിഷ്ടകാലം ജയിലില്‍ ജീവിക്കാന്‍ ഈ നഴ്‌സ്

ജോലിഭാരം കുറക്കാന്‍ പത്ത് രോഗികളെ ഇഞ്ചക്ഷന്‍ കൊടുത്ത് കൊന്നു... 27 പേരെ കൊല്ലാന്‍ ശ്രമിച്ചു

Update: 2025-11-06 05:56 GMT

ബെര്‍ലിന്‍: ജോലി ഭാരം കുറയ്ക്കുന്നതിനായി, മരണത്തിന് വഴിയൊരുക്കുന്ന കുത്തിവയ്പ്പുകള്‍ നല്‍കി 10 രോഗികളെ കൊല്ലുകയും മറ്റ് 27 പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത പുരുഷ നഴ്സിന് ആജീവനാന്തം ജയില്‍ ശിക്ഷ വിധിച്ചു. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ആക്കന്‍ നഗരത്തിനടുത്തുള്ള ഒരു ചെറു പട്ടണത്തിലെ ആശുപത്രിയില്‍ ജോലി ചെയ്തു വരവെയാണ് 44 കാരനായ ഇയാള്‍ ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്. ഇയാളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയില്‍ ചെയ്ത കൃത്യങ്ങളില്‍ ഇയാള്‍കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വേദനാ സംഹാരി കുത്തിവയ്പ്പുകള്‍, പ്രായമേറിയ രോഗികളില്‍ അമിതമായ അളവില്‍ ഇയാള്‍ നല്‍കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തിയത്. രാത്രികാല ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കുക എന്നതായിരുന്നത്രെ ഇയാളുടെ ലക്ഷ്യം. വ്യക്തിത്വ വൈകല്യം അനുഭവിക്കുന്ന പ്രതി ഒരിക്കലും രോഗികളോട് അനുതാപം പ്രകടിപ്പിച്ചിരുന്നില്ലെന്നും, ചെയ്ത തെറ്റില്‍ ഇയാള്‍ക്ക് അല്പം പോലും പശ്ചാത്താപം ഇല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

മോര്‍ഫിനും മിഡസൊലമുമാണ് ഇയാള്‍ കുത്തിവയ്ച്ചിരുന്നത്. ഇതില്‍ മിഡസൊലം ചിലപ്പോഴൊക്കെ വധശിക്ഷ നടപ്പിലാക്കുന്നതിനായി അമേരിക്കയില്‍ ഉപയോഗിക്കാറുണ്ട്. തൊഴിലില്‍ തീരെ താത്പര്യവും ആത്മാര്‍ത്ഥതയും ഇയാള്‍ കാണിച്ചിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. രോഗികള്‍ക്ക് അധിക ശ്രദ്ധ ആവശ്യമുള്ളപ്പോള്‍ അത് നല്‍കാതെ, തന്റെ അസ്വസ്ഥത അയാള്‍ പരസ്യമാക്കിയിരുന്നത്രെ. 2007 ല്‍ ആയിരുന്നു ഇയാള്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്.

Tags:    

Similar News