ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചാപ്പലിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തു; ശ്വസന ബുദ്ധിമുട്ടുകള്‍ ഇപ്പോഴില്ല
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി
റോം: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിക്കുള്ളിലെ ചാപ്പലിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തതായി വത്തിക്കാന്‍ അറിയിച്ചു. ശ്വസന ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ ഇല്ലെന്നും, ഔദ്യോഗിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയതായും വത്തിക്കാന്‍ അറിയിച്ചു.
അപകടകരമായ അവസ്ഥ തരണം ചെയ്‌തെങ്കിലും മാപാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. ഓക്‌സിജന്‍ തെറാപ്പി നല്‍കുന്നുണ്ട്. മാര്‍പാപ്പ രാത്രി നന്നായി ഉറങ്ങിയതായി ഡോക്ടേഴ്‌സ് അറിയിച്ചു. മൂക്കില്‍ ട്യൂബിലൂടെ ഓക്‌സിജന്‍ നല്‍കിയിരുന്നത് ഓക്‌സിജന്‍ മാസ്‌കിലൂടെയാക്കി. തനിക്ക് വേണ്ടി പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നന്ദി അറിയിച്ചതായും വത്തിക്കാന്‍ വക്താവ് അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
88 വയസുള്ള മാര്‍പാപ്പയെ ബ്രോങ്കൈറ്റിസ് ലക്ഷണങ്ങളുമായി ഈ മാസം 14നാണ് റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടെന്ന റിപ്പോര്‍ട്ട് പിന്നാലെ വന്നു. ഈ ലക്ഷണങ്ങള്‍ ജീവനു തന്നെ ഭീഷണിയാകുന്ന സെപ്‌സിസ് അണുബാധയിലേക്ക് എത്തുമോ എന്ന ആശങ്കയായിരുന്നു ഉണ്ടായിരുന്നത്.
മാര്‍പ്പാപ്പ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. 76ാം വയസില്‍ മാര്‍പ്പാപ്പയായി ചുമതലയേറ്റ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആരോഗ്യനില മോശമായ വന്ന ആദ്യ വര്‍ഷങ്ങളില്‍ തന്നെ രാജിക്കുറിപ്പ് തയ്യാറാക്കിവെച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വത്തിക്കാന്‍ വൃത്തങ്ങള്‍ ഇതെല്ലാം തള്ളിയിരുന്നു.