യുകെയില്‍ ചൈനീസ് വംശജരുടെ വീടുകള്‍ക്ക് നേരെ ചുവന്ന പെയിന്റ് ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് ഹോം ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി
യുകെയില്‍ ചൈനീസ് വംശജരുടെ വീടുകള്‍ക്ക് നേരെ ചുവന്ന പെയിന്റ് ആക്രമണം
ലണ്ടന്‍: യുകെയില്‍ ലണ്ടനില്‍ ചൈനീസ് വംശജരുടെ വീടുകള്‍ക്ക് നേരെ ചുവപ്പ പെയിന്റ് വാരിയെറിയുകയും, ചുമരുകളില്‍ രേഖാ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്ന ദുരൂഹ സംഘത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു എം പി ഹോം ഡിപ്പാര്‍ട്ട്‌മെന്റിന് കത്തയച്ചു.. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക നഗരങ്ങളിലും സമാനമായ സംഭവങ്ങള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പല നഗരങ്ങളിലും വീടുകളുടെ മുന്‍ വാതിലുകളിലാണ് ചുവന്ന പെയിന്റ് തേച്ചിട്ടുള്ളത്. അതുകൂടാതെ വേശ്യാലയം എന്നെഴുതി ചില അക്കങ്ങളും എഴുതിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ തമ്മില്‍ പരസ്പര ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍.
ലിവര്‍പൂള്‍, ബ്രാഡ്‌ഫോര്‍ഡ്, റീഡിംഗ്, ഹഡേഴ്സ്ഫീല്‍ഡ്, ക്ലാക്റ്റണ്‍ ഓണ്‍ സീ എന്നിവിടങ്ങള്‍ക്ക് പുറമെ ലണ്ടനിലെ നിരവധി ബറോകളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായിട്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നത്. കിഴക്കന്‍ ലണ്ടനിലെ വാല്‍ത്താംസ്റ്റോ എം പി സ്റ്റെല്ല ക്രീസിയാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസിംഗ് മന്ത്രി ഡയാന ജോണ്‍സന് കത്തയച്ചിരിക്കുന്നത്. പ്രദേശവാസികളില്‍ ഈ സംഭവങ്ങള്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നതായി കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
വായ്പ ഭീമന്മാരും, നിയമവിരുദ്ധമായി പലിശ വാങ്ങുന്നവരുമൊക്കെ അടങ്ങുന്ന, വിദേശ രാജ്യങ്ങളിലെ ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ക്ക് നേരെയാണ് അക്രമത്തിന് ഇരയായ ചൈനീസ് വംശജര്‍ വിരല്‍ ചൂണ്ടുന്നത്. കടം വാങ്ങിയവരെ ഭയപ്പെടുത്തുന്നതിനായി ചുവന്ന പെയിന്റ് വീടിനു മുന്നില്‍ അടിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ കുറിച്ച് നേരത്തെ യു എന്‍ റെഫ്യൂജി ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും സമാനമായ രീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകള്‍ക്ക് മുന്‍ഭാഗത്ത് ചുവന്ന പെയിന്റ് അടിക്കുകയും വേശ്യാലയം എന്ന് എഴുതി വയ്ക്കുകയുമൊക്കെ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടില്‍ സംഭവിച്ചതുപോലെ ചിലയിടങ്ങളില്‍ കൈയക്ഷരത്തിലുള്ള ചില കുറിപ്പുകളും അവര്‍ അക്രമത്തിനിരയായ വീടുകളില്‍ ഉപേക്ഷിച്ചിട്ടുണ്ട്.