പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നവർക്ക് സ്നേഹസമ്മാനം; കമ്പനി വിറ്റ തുകയിൽനിന്ന് ജീവനക്കാർക്ക് ബോണസായി നൽകിയത് 2155 കോടി; ഒരു 'അടിപൊളി മുതലാളി'യെന്ന് നെറ്റിസൺസ്
വാഷിങ്ടൺ: കമ്പനി വിറ്റ വരുമാനത്തിൽനിന്ന് 24 കോടി ഡോളർ (ഏകദേശം 2,155 കോടി രൂപ) ജീവനക്കാർക്ക് ബോണസായി നൽകി ഫൈബർബോണ്ടിന്റെ മുൻ സിഇഒ ഗ്രഹാം വാക്കർ. പ്രതിസന്ധി ഘട്ടങ്ങളിൽ കമ്പനിക്കൊപ്പം നിന്നതിന് നന്ദിസൂചകമായി, ഓഹരിയുടമകളല്ലാത്ത 540 ജീവനക്കാർക്കാണ് വാക്കർ ഈ വൻതുക വിതരണം ചെയ്തത്. ഈ വർഷം ആദ്യമാണ് ഗ്രഹാം വാക്കറുടെ കുടുംബ ബിസിനസായിരുന്ന ഫൈബർബോണ്ടിനെ 15,265 കോടി രൂപയ്ക്ക് ഈറ്റൺ കോർപറേഷന് വിറ്റത്.
1982-ൽ ഗ്രഹാം വാക്കറുടെ പിതാവ് ക്ലൗഡ് വാക്കറാണ് ഫൈബർബോണ്ട് സ്ഥാപിച്ചത്. ഈ വിൽപ്പനയിൽ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗമാണ് ജീവനക്കാർക്കായി വാക്കർ മാറ്റിവെച്ചത്. സാധാരണഗതിയിൽ, ഒരു കമ്പനി വിൽക്കപ്പെടുമ്പോൾ ഓഹരിയുടമകളായ ജീവനക്കാർക്ക് മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാറുള്ളൂ. എന്നാൽ, ഫൈബർബോണ്ടിലെ ജീവനക്കാർക്ക് ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നില്ല എന്നത് വാക്കറുടെ ഈ നടപടിയെ ശ്രദ്ധേയമാക്കുന്നു.
ഓരോ ജീവനക്കാർക്കും ശരാശരി 4,443,000 ഡോളർ വീതമാണ് ലഭിച്ചത്. ജൂൺ മാസം മുതലാണ് ഈ തുക വിതരണം ചെയ്തു തുടങ്ങിയത്. ആദ്യമൊക്കെ പല ജീവനക്കാരും ഇത് തമാശയായി കരുതിയെന്നും ചിലർ അതിവൈകാരികമായി പ്രതികരിച്ചെന്നും ഗ്രഹാം വാക്കർ വെളിപ്പെടുത്തി. ലഭിച്ച പണം കടംവീട്ടാനും, കാർ വാങ്ങാനും, മക്കളുടെ കോളേജ് ഫീസ് അടയ്ക്കാനും മറ്റും ജീവനക്കാർ വിനിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരോട് കാണിച്ച ഈ ഉദാരതയുടെ പേരിൽ ഗ്രഹാം വാക്കറെ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ്. ഒരു 'അടിപൊളി മുതലാളി'യാണ് ഗ്രഹാം എന്നാണ് പലരും അദ്ദേഹത്തെ പ്രകീർത്തിക്കുന്നത്.