ബ്രിട്ടീഷ് വനിതകള്‍ക്ക് പ്രസവിക്കാന്‍ മടി; ആശങ്ക പങ്കു വച്ച് മന്ത്രി
ബ്രിട്ടീഷ് വനിതകള്‍ക്ക് പ്രസവിക്കാന്‍ മടി; ആശങ്ക പങ്കു വച്ച് മന്ത്രി
ലണ്ടന്‍: ചെറിയ പ്രായത്തില്‍ തന്നെ ബ്രിട്ടീഷ് വനിതകള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന നിര്‍ദ്ദെശവുമായി എഡ്യൂക്കേഷന്‍ സെക്രട്ടറി രംഗത്ത്. ജനന നിരക്കുകള്‍ കുറഞ്ഞു വരുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നതെന്നും സെക്രട്ടറി ചൂണ്ടിക്കാണിച്ചു. കുറഞ്ഞു വരുന്ന ജനന നിരക്ക് ആശങ്ക ഉയര്‍ത്തുക മാത്രമല്ല, പല കുടുംബങ്ങളുടെയും തകര്‍ന്ന സ്വപ്നങ്ങളുടെ കഥകളും പറയുന്നുണ്ടെന്ന് ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പലരും കുട്ടികള്‍ ഉണ്ടാകുന്നത് നീട്ടി വയ്ക്കുകയാണ്.
ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ജനന നിരക്ക് ഒരു സ്ത്രീക്ക് 1.44 കുട്ടികള്‍ എന്ന നിരക്കിലേക്ക് താഴ്ന്നു എന്ന് 2023 ലെ കണക്കുകള്‍ കാണിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. 1938 ല്‍, രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കുത്തനെ ഇടിയുന്ന ജനന നിരക്ക് ബ്രിട്ടന്‍ വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അവര്‍ ദി ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞു. അത് പരിഹരിക്കണം. അതിനായി സര്‍ക്കാരിന് എന്ത് പ്രായോഗിക നടപടികളാണ് സ്വീകരിക്കാന്‍ കഴിയുക എന്നത് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.
കുതിച്ചുയരുന്ന ജീവിത ചെലവുകള്‍, താമസത്തിനുള്ള ചെലവുകള്‍, തൊഴിലിലെ അസ്ഥിരത എന്നീ ഘടകങ്ങള്‍, എപ്പോള്‍, എത്ര കുട്ടികള്‍ ഉണ്ടാകുന്നു എന്ന കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതായി പലരും പറയുന്നുണ്ട് എന്നും അവര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ തൊഴിലിടങ്ങളിലെ അവകാശ സംരക്ഷണം, ജീവിതച്ചെലവ് കുറച്ചു കൊണ്ടു വരിക തുടങ്ങിയ നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.