16 വയസില്‍ താഴെയുള്ളവര്‍ക്ക് റെഡ് ബുള്ളും മോണ്‍സ്റ്ററും അടക്കമുള്ള എനര്‍ജി ഡ്രിങ്കുകള്‍ യുകെ നിരോധിക്കും; പുതിയ നീക്കവുമായി ബ്രിട്ടന്‍

16 വയസില്‍ താഴെയുള്ളവര്‍ക്ക് റെഡ് ബുള്ളും മോണ്‍സ്റ്ററും അടക്കമുള്ള എനര്‍ജി ഡ്രിങ്കുകള്‍ യുകെ നിരോധിക്കും

Update: 2025-09-04 06:22 GMT

ലണ്ടന്‍: അമിതവണ്ണത്തിന് കാരണമാകും എന്നതിനാലും, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാല്‍, പഠനത്തിലും മറ്റും ശ്രദ്ധിക്കാന്‍ കഴിയാതെ വരുമെന്നതിനാലും റെഡ് ബുള്‍, മോണ്‍സ്റ്റര്‍ തുടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ 16 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ ഉപയോഗിക്കുന്നത് വിലക്കും. ആരോഗ്യരംഗത്തെ വിദഗ്ധരും, അധ്യാപക യൂണിയനുകളും, ദന്ത ഡോക്ടര്‍മാരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുകൂടി പാലിക്കപ്പെടുകയാണ് ഇതിലൂടെ. ഇത്തരം ഉത്തേജക വസ്തുക്കള്‍ ശരീരത്തിലുണ്ടെങ്കില്‍ എങ്ങനെയാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയുക എന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീതിംഗ് ചോദിക്കുന്നത്.

എനര്‍ജി ഡ്രിങ്കുകള്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകാരികളായി കണ്ടേക്കാമെങ്കിലും, അവ കുട്ടികളുടെ ഉറക്കം, ശ്രദ്ധ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പഞ്ചസാര കൂടുതല്‍ അളവില്‍ അടങ്ങിയ ഡ്രിങ്കുകള്‍ കുട്ടികളുടെ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും. ഒപ്പം അമിതവണ്ണത്തിനും കാരണമാകും. ലിറ്ററില്‍ 150 മില്ലി ഗ്രാമിലധികം കഫെയ്ന്‍ കലര്‍ന്ന ഏതൊരു പാനീയവും 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വില്‍ക്കുന്നതില്‍ നിന്നും ഷോപ്പുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയെ വിലക്കുകയാണ്. റെഡ് ബുള്‍, മോണ്‍സ്റ്റര്‍, റെലെന്റ്‌ലെസ്, പ്രൈം എനര്‍ജി തുടങ്ങിയ പാനീയങ്ങളെ ഇത് ബാധിക്കും. അവരുടെ ഉദ്പാദന ഫൊര്‍മുലയില്‍ മാറ്റം വരുത്തേണ്ടതായി വരും.

എന്ന് മുതലാണ് ഈ നിരോധനം നിലവില്‍ വരിക എന്നതില്‍ വ്യക്തതയില്ല.ഇതിനായി 1990 ലെ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തിയായിരിക്കും നിരോധനം നടപ്പില്‍ വരുത്തുക. സൂപ്പര്‍മാര്‍ക്കറ്റുകളില്‍, 2018 ല്‍ തന്നെ കുട്ടികള്‍ക്ക് ഈ പാനീയങ്ങള്‍ നല്‍കുന്നത് സ്വമേധയാ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ചില ചെറിയ കണ്‍വീനിയന്‍സ് സ്റ്റോറുകളില്‍ ഇത് ഇപ്പോഴും 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇത് വില്‍ക്കുന്നുണ്ട്. 150 മില്ലി ഗ്രാമില്‍ അധികം കഫേന്‍ ഒരു ലിറ്ററില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം പാനീയങ്ങളുടെ പാക്കറ്റുകളില്‍ അത് കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമല്ല എന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ആല്‍ക്കഹോളും സിഗരറ്റും വില്‍ക്കുന്നത് നിരോധിച്ചത് വിജയം കണ്ടതിന് ശേഷം, പ്രായത്തെ അടിസ്ഥാനമാക്കിയുള്ള നിരോധനങ്ങള്‍ ഫലം ചെയ്യുമെന്ന് കണ്ടെത്തിയതായി ഒബെസിറ്റി ഹെല്‍ത്ത് അലയന്‍സ് ഡയറക്ടര്‍ കാതറിന്‍ ജെന്നെര്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതില്‍ നേരത്തെ പല അധ്യാപകരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവരുടെ പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു എന്നാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.

Tags:    

Similar News