നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു; അഭയാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നത് ക്ലേശകരമാകും
നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു; അഭയാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നത് ക്ലേശകരമാകും
ലണ്ടന്‍: ബ്രിട്ടനില്‍ അഭയം ലഭിച്ച അഭയാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബത്തെ കൂടി ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ പറഞ്ഞിരുന്നു. ഇതോടൊപ്പം അഭയത്തിനായി അപേക്ഷിക്കുന്നതിനുള്ള രീതിയിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ കൂപ്പര്‍ ഒരുങ്ങുകയാണെന്നാണ് ഒരു എം പി പറയുന്നത്. നിലവില്‍, ഒരു വ്യക്തിക്ക് അഭയം ലഭിച്ചാല്‍, തന്റെ കുടുംബത്തെ കൂടി യു കെയിലേക്ക് കൊണ്ടുവരുന്നതിനായി അപേക്ഷിക്കാം. എന്നാല്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ നയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തികച്ചും അസാധാരണമായ ഒന്നാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് യുവറ്റ് കൂപ്പര്‍ ആഗ്രഹിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അവര്‍ ഇന്ന് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അഭയം ലഭിച്ചവരുടെ പങ്കാളികളെയും കുട്ടികളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന ഫാമിലി റീയൂണിയന്‍ പോളിസിയില്‍ അടപടലം മാറ്റം കൊണ്ടുവരുമെന്നാണ് യുവറ്റ് കൂപ്പറുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ നയങ്ങളും പഠനവിധേയമാക്കിയായിരിക്കും ഈ മാറ്റങ്ങള്‍ കൊണ്ടു വരിക. ഉദാഹരണത്തിന് ഡെന്മാര്‍ക്കില്‍ അഭയം ലഭിച്ച ഒരു വ്യക്തിക്ക് തന്റെ കുടുംബത്തെ അവിടേക്ക് കൊണ്ടുവരണമെങ്കില്‍ സാമ്പത്തിക സ്ഥിരത ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.
സമാനമായ രീതിയിലുള്ള മാറ്റങ്ങള്‍ക്കൊപ്പം, കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിനു മുന്‍പ് ഒരു നിശ്ചിതകാലം അഭയാര്‍ത്ഥി ബ്രിട്ടനില്‍ താമസിച്ചിരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ ഇടയുണ്ട്. അഭയത്തിനായി പരിഗണിക്കുന്ന പ്രക്രിയയിലും സമൂല മാറ്റങ്ങള്‍ വരുത്തുമെന്ന് കൂപ്പര്‍ അറിയിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളുടെ അപ്പീലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും ജഡ്ജിമാരെ തടയുകയും പകരം അവ പരിശീലനം ലഭിച്ച വിദഗ്ധരുടെ ഒരു കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നത് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.