ജറുസലേമില്‍ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേല്‍; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ജറുസലേമില്‍ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേല്‍

Update: 2025-05-02 09:25 GMT

ടെല്‍ അവീവ്: ഇസ്രായേലിലെ ജറുസലേമില്‍ ആളിപ്പടര്‍ന്ന കാട്ടുതീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ കാട്ടുതീയാണ് ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത് എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഏകദേശം 3,000 ഏക്കര്‍ ഭൂമി കത്തിനശിച്ചു. പ്രാദേശിക അടിയന്തരാവസ്ഥ മാത്രമല്ല, ദേശീയ അടിയന്തരാവസ്ഥയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പ്രധാന ഹൈവേകള്‍ അടച്ചിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ തീപിടുത്തമായിരിക്കാം ഇതെന്നും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ജറുസലേം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ ജില്ല കമാന്‍ഡറായ ഷ്മുലിക് ഫ്രീഡ്മാന്‍ മുന്നറിയിപ്പ് നല്‍കി. ഇറ്റലിയും ക്രൊയേഷ്യയും മൂന്ന് അഗ്‌നിശമന വിമാനങ്ങള്‍ സഹായത്തിനായി അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് ജറുസ?ലേം കുന്നുകളില്‍ ആദ്യമായി തീപിടിത്തം കണ്ടെത്തിയത്. അഞ്ചോളം സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ ഉഷ്ണതരംഗത്തില്‍ കാട്ടുതീ അതിവേഗം വ്യാപിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആകുമ്പോഴേക്കും 163 ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്തെത്തിയത്. ലാത്രുന്‍, നെവേ ഷാലോം, എസ്റ്റോള്‍ വനം എന്നീ പ്രദേശങ്ങളിലാണ് കനത്ത തീ തുടരുന്നത്. മെവോ ഹോറോണ്‍, ബര്‍മ റോഡ്, മെസിലാത് സിയോണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തീപടര്‍ന്നിരുന്നു.

ഇസ്രായേല്‍, കാട്ടുതീ, അടിയന്തരാവസ്ഥ

Tags:    

Similar News