പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്; ഫ്രാന്‍സിലെ ഈ ജീവപര്യന്തം ശിക്ഷ അത്യപൂര്‍വ്വം; കുറ്റവാളിയായ യുവതി കുറഞ്ഞത് 30 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടി വരും

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്

Update: 2025-10-25 14:23 GMT

പാരിസ്: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഫ്രാന്‍സില്‍ 27കാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു കോടതി. ഫ്രാന്‍സില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന ആദ്യ വനിതയാണ് അള്‍ജീരിയന്‍ വംശജയായ ഡാബിയ ബെന്‍കിരെഡ്. സ്‌കൂള്‍ വിദ്യാര്‍ഥിനി ലോല ഡേവിറ്റിനെ (12) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പാരീസിലെ കോടതി വെള്ളിയാഴ്ച ഡാബിയയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

1981-ല്‍ വധശിക്ഷ നിര്‍ത്തലാക്കിയതിനുശേഷം ഫ്രഞ്ച് ക്രിമിനല്‍ കോഡിലുള്ള ഏറ്റവും കഠിനമായ ശിക്ഷയാണിത്. മൂന്നു വര്‍ഷം മുമ്പാണ് ഫ്രാന്‍സിനെ ഞെട്ടിച്ച സംഭവമുണ്ടായത്. വളരെ അപൂര്‍വമായ കേസുകളില്‍ മാത്രമേ ഫ്രാന്‍സില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുള്ളൂ. പരമ്പര കൊലയാളി മൈക്കല്‍ ഫോര്‍ണിറെറ്റ്, 2015 നവംബറില്‍ പാരീസില്‍ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന്റെ പ്രധാനിയായ സലാ അബ്ദേസ്ലാം എന്നിവര്‍ക്കാണ് മുമ്പ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുള്ളത്. കുറഞ്ഞത് 30 വര്‍ഷമെങ്കിലും യുവതി ജയിലില്‍ കഴിയേണ്ടി വരും.

2022 ഒക്ടോബറിലാണ് ലോലയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കുട്ടിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിന് പുറത്തുള്ള പൊതു സ്ഥലത്ത് പ്ലാസ്റ്റിക് പെട്ടിയില്‍ കണ്ടെത്തിയത്. കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുശേഷം മൃതദേഹം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി പ്രതിക്കൊപ്പം അപ്പാര്‍ട്‌മെന്റിലേക്ക് കയറുന്നതും കുറച്ചുമണിക്കൂറുകള്‍ക്കു ശേഷം യുവതി ഭാരമുള്ള പോളിത്തീന്‍ ബാഗുമായി തനിച്ച് പുറത്തേക്കിറങ്ങുന്നതും കണ്ടു.

ഹൃദയാഘാതം, ശ്വാസംമുട്ടല്‍, സെര്‍വിക്കല്‍ കംപ്രഷന്‍ എന്നിവ കാരണമാണ് പെണ്‍കുട്ടി മരിച്ചതെന്നായിരുന്നു പൊലീസ് പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ട്. മുഖത്തും ശരീരത്തിന്റെ പിന്‍ഭാഗത്തും കഴുത്തിലും വലിയ മുറിവുകള്‍ ഉണ്ടായിരുന്നു. കുട്ടി താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ തന്നെയാണ് പ്രതിയായ യുവതിയുടെ സഹോദരിയും താമസിച്ചിരുന്നത്.

ഇവിടേക്കാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ചോദ്യം ചെയ്യലില്‍ ഡാബിയ സമ്മതിച്ചു. ഇവിടെയെത്തിച്ച ശേഷം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ടേപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. തുടര്‍ന്നാണ് മൃതദേഹം ഉപേക്ഷിച്ചത്. പെണ്‍കുട്ടിക്ക് നീതി ലഭിച്ചെന്ന് വിധി പ്രഖ്യാപനത്തിനു ശേഷം കുടുംബം പ്രതികരിച്ചു.

Tags:    

Similar News