രണ്ടു വയര്‍ലസ് സെറ്റുമായി തിരിച്ചറിയല്‍ കാര്‍ഡും തൂക്കി കര്‍ണാടക പോലീസ് ചമഞ്ഞ് സന്നിധാനത്ത്; സംശയം തോന്നി കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കേരള പോലീസിന്റെ വയര്‍ലെസ് ചോര്‍ത്താന്‍ എത്തിയതെന്ന് മറുപടി; യുവാവിനെ അറസ്റ്റ് ചെയ്ത് സന്നിധാനം പോലീസ്

യുവാവിനെ അറസ്റ്റ് ചെയ്ത് സന്നിധാനം പോലീസ്

Update: 2025-01-13 16:28 GMT

ശബരിമല: നിയമപ്രകാരമുള്ള ലൈസന്‍സോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ സന്നിധാനത്ത് പിടികൂടി. മൈസൂര്‍ സിദ്ധാര്‍ഥ് നഗര്‍ ജോക്കി ക്വാര്‍ട്ടേഴ്സ് 222 മൂന്നാം ബ്ലോക്കില്‍ ഹിമാദ്രിയില്‍ എ.പ. രാഘവേന്ദ്രനെ(44)യാണ് ഞായറാഴ്ച രാത്രി 10.30 ന് സന്നിധാനം വലിയയനടപ്പന്തലില്‍ നിന്നും സന്നിധാനം എസ്.എച്ച്.ഓ എസ്.ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കര്‍ണാടക സ്റ്റേറ്റ് പോലീസിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇയാളുടെ കൈവശം ഉണ്ടായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് യാഥാര്‍ഥ്യമാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കര്‍ണാടക മാലവല്ലി ടൗണ്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആണെന്ന പേരിലുള്ള കാര്‍ഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു.

അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് പോലീസ് വയര്‍ലെസ് സെറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനാണ് രണ്ട് വയര്‍ലെസ് സെറ്റുകള്‍ കൈയില്‍ കരുതിയതെന്ന് പോലീസ് പറയുന്നു. വലിയ നടപ്പന്തലില്‍ ഇയാളെ സംശയകരമായ നിലയില്‍ കണ്ടതിനെ തുടര്‍ന്ന്, പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ ചോദ്യം ചെയ്തു. ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളൂകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News