തരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം; വികസനം ചര്‍ച്ചയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടു; സതീശനെതിരെ ആക്രമണവും; തരൂര്‍ നല്‍കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ പാടുപെട്ട് കോണ്‍ഗ്രസ്; വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കെ സി വേണുഗോപാലും

തരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം

Update: 2025-02-18 08:44 GMT

തിരുവനന്തപുരം: ഇടതു മുന്നണിയുടെ വ്യവസായ നയത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശശി തരൂരിന്റെ നിലപാട് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയില്‍ ആക്കിയെങ്കില്‍ പിണറായി വിജയന് അത് നല്‍കിയ ഊര്‍ജ്ജം വലുതാണ്. തരൂരിന്റെ സര്‍ട്ടിഫിക്കറ്റുമായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ കേളികൊട്ടിനാണ് എല്‍ഡിഎഫ് തുടക്കമിട്ടത്. ഏറെക്കാലമായി സംസ്ഥാനത്തെ മാധ്യമങ്ങളില്‍ നിന്നും അകന്നു നിന്ന വികസന സംവാദം നടന്നു എന്നതാണ് തരൂര്‍ വിഷയത്തിലെ പോസിറ്റീവായ കാര്യം.

ലേഖന വിവാദത്തില്‍ ശശി തരൂര്‍ തിരുത്തുമെന്ന കണക്കുകൂട്ടല്‍ തെറ്റിയ കോണ്‍ഗ്രസ് ആഘാതത്തില്‍ നിന്നും കരകയറാനുള്ള തീവ്ര ശ്രമത്തിലാണ്. തരൂരിന്റെ ലേഖനത്തില്‍ അനാവശ്യമായി പ്രതികരിച്ചു വളഷാക്കിയെന്ന വികാരവും കോണ്‍ഗ്രസിനുള്ളില്‍ ശക്താമാണ്. പല സര്‍ക്കാര്‍ പരിപാടികളിലും കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാറിനെ പുകഴ്ത്തിയും കേരളത്തിന്റെ നേട്ടങ്ങല്‍ എടുത്തു പറയാറുമുണ്ട്. അതുപോലെ കണ്ട് വിഷയം വിട്ടാല്‍ മതിയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ചാടിക്കേറിയുള്ള പ്രതികരണമാണ് വിഷയം കൂടുതല്‍ വഷളാക്കിയത്.

തരൂര്‍ തന്റെ നിലപാട് തിരുത്താതിരുന്നതോടെ സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ തള്ളാനാണെന്ന ഭാവേന പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്തസമ്മേളനം ഫലത്തില്‍ തള്ളിയത് തരൂരിനെ തന്നയാണ്. തിരുത്താന്‍ താന്‍ തയാറാണെന്നും തെറ്റ് ബോധ്യപ്പെടുത്തണമെന്നുമുള്ള തരൂരിന്റെ വെല്ലുവിളിക്ക് കൂടിയായിരുന്നു സതീശന്റെ മറുപടി. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പി ആര്‍ സ്റ്റണ്ട് ഇടതു മുന്നണിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതിത് തുടക്കമിടുകയാണ് ഫലത്തില്‍ തരൂര്‍ചെയ്തത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

സംസ്ഥാനത്തെ വ്യവസായിക വികസനം സംബന്ധിച്ച ചര്‍ച്ചക്കും മാര്‍ക്കിടലിനുമല്ല, തരൂര്‍ സൃഷ്ടിച്ച പരിക്ക് എങ്ങനെ മറികടക്കാമെന്നതിലാണ് പാര്‍ട്ടിയിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍. സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖം, ഹമാസ് വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായം തുറന്നുപറഞ്ഞ് തരൂര്‍ മുമ്പും തലവേദന സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മുന്നണിയെ രാഷ്ട്രീയമായി വെട്ടിലാക്കുന്നത് ഇതാദ്യമാണ്. രണ്ട് ടേം അധികാരത്തില്‍നിന്ന് പുറത്തുനിന്ന കോണ്‍ഗ്രസ് എന്തുവില കൊടുത്തും തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ്.

സി.പി.എമ്മാകട്ടെ, ക്ഷേമപ്രവര്‍ത്തനങ്ങളിലും വ്യവസായ സംരംഭങ്ങളിലും സൂചികകളിലും നേട്ടങ്ങളുണ്ടാക്കിയെന്ന് സ്ഥാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. തരൂരിന്റെ ലേഖനം സിപിഎമ്മിന് തുണയായി മാറികയാണ് ചെയ്തത്. സതീശന്‍ തിരിച്ചടിച്ചപ്പോള്‍ അദ്ദേഹത്തെ വികസന വിരോധിയാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കണക്കുകള്‍ നിരത്തി വി ഡി സതീശനെതിരെ പി രാജീവ് രംഗത്തുവന്നതില്‍ നിന്നും ഇത് വ്യക്താണ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് വികസന വിഷയങ്ങളില്‍ ഇടതു പക്ഷത്താരെ പോലെ വാശിപിടിക്കാറില്ല. എന്നാല്‍, സതീശന്‍ അങ്ങനെ ചെയ്യുന്നു എന്ന് ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കോവിഡ് കാലത്ത് 'മഹാമാരി' എന്ന പരിഗണനയില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് കാലത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ മൂലധനമാക്കി 2021ല്‍ ഇടതുപക്ഷം തുടര്‍ഭരണം നേടി. മഹാമാരി കാലത്തെ സഹകരണ നിലപാട് വലിയ വീഴ്ചയായെന്ന് പിന്നീട് കോണ്‍ഗ്രസ് വിലയിരുത്തി. ഈ തന്ത്രം തിരുത്തി മുന്നേറുമ്പോഴാണ് തരൂരില്‍ നന്നും പാര വന്നതും.

അതേസമയം നേതാക്കള്‍ തരൂരുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം, തന്റെ നിലപാടില്‍ നിന്നും ഇനിയും പിന്‍മാറിയിട്ടില്ല. ശശി തരൂര്‍ എംപിയുടെ വിവാദ ലേഖനത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തുണ്ട്. വിഷയത്തില്‍ ഇനി വിവാദം വേണ്ട, അത് അടഞ്ഞ അദ്ധ്യായമായി കാണാനാണ് കോണ്‍ഗ്രസിനിഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കിയത്

'ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂര്‍ ലേഖനം എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാല്‍ നിലപാട് മാറ്റുമെന്ന് തരൂര്‍ പറഞ്ഞിട്ടുണ്ട്. അത് മുഖവിലയ്ക്ക് എടുക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. കേരളത്തില്‍ ചെറുകിട സംരംഭങ്ങള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. കൃത്രിമ കണക്കുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തരൂരുമായി പാര്‍ട്ടി സംസാരിച്ചിട്ടുണ്ട്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. ഇനി വിവാദം വേണ്ട'- കെ സി വേണുഗോപാല്‍ പറഞ്ഞു.

ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ ശശി തരൂര്‍ എഴുതിയ ലേഖനമാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. പിണറായി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ ലേഖനം. പിന്നാലെ ശശി തരൂരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വിമര്‍ശനങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും നേരിട്ടും ശശി തരൂര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

'16 വര്‍ഷമായി ആവശ്യപ്പെടുന്ന കാര്യമാണ് ലേഖനത്തില്‍ പറഞ്ഞത്. നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം വന്നാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുളളൂ. അതിനായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ വരണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ്. അന്താരാഷ്ട്ര തലത്തിലെ ഒരു റിപ്പോര്‍ട്ട് കണ്ടതിനുശേഷമാണ് ഞാന്‍ ലേഖനം എഴുതിയത്'- എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

'നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണം' എന്ന പ്രസ്താവന പൊതുവില്‍ സ്വീകാര്യമാണെങ്കിലും അത് ഏത് സാഹചര്യത്തില്‍, പറയുന്നത് ആര് എന്നതെല്ലാം പ്രസക്തമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കേരള രാഷ്ട്രീയത്തില്‍ തന്നെ അവഗണിക്കുന്നു എന്ന പരാതി തരൂരിന് ശക്തമായുണ്ട്. ഇപ്പോഴത്തെ വിവാദത്തോടെ പാര്‍ട്ടിക്കുള്ളില്‍ തരൂര്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ് ചെയ്തത്.

Tags:    

Similar News