ഉടന്‍ കാണണമെന്ന് രാഹുല്‍ നിര്‍ബ്ബന്ധം പിടിച്ചത് തരൂരിന്റെ നീക്കങ്ങളിലെ അപായസൂചന തിരിച്ചറിഞ്ഞ്; പാലമിട്ടില്ലെങ്കില്‍ തിരുവനന്തപുരം എംപി ചുവട് മാറ്റുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്ക; തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിലും വളഞ്ഞിട്ട് ആക്രമിക്കുന്നതിലും തരൂരിന് വല്ലാത്ത നീരസം; അനുനയത്തിലൂടെ വിഷയം തണുപ്പിച്ചെങ്കിലും തരൂരിന്റെ നീക്കങ്ങള്‍ ഇനി ഹൈക്കമാന്‍ഡിന്റെ റഡാറില്‍

തരൂരിന്റെ നീക്കങ്ങള്‍ ഇനി ഹൈക്കമാന്‍ഡിന്റെ റഡാറില്‍

Update: 2025-02-19 11:54 GMT

ന്യൂഡല്‍ഹി: ലേഖന വിവാദത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട ശശി തരൂരിനെ ഹൈക്കമാന്‍ഡ് ചേര്‍ത്ത് നിര്‍ത്തി അനുനയിപ്പിച്ചെങ്കിലും, പാര്‍ട്ടിയില്‍ താന്‍ നേരിടുന്നത് കടുത്ത അവഗണനയും ആക്രമണവും എന്ന പരാതിയും, പരിഭവവും മറച്ചുവയ്ക്കാതെ തിരുവനന്തപുരം എം പി. ലേഖന വിവാദത്തില്‍ കണ്ടത് പോലെ തന്നെ ഇനിയും വളഞ്ഞിട്ടാക്രമിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ്.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായ ശേഷം പാര്‍ട്ടിയില്‍ താന്‍ അവഗണന നേരിടുന്നു എന്നതായിരുന്നു തരൂരിന്റെ മുഖ്യപരാതി. രാഹുലുമായി വര്‍ദ്ധിച്ച അകലം ചൊവ്വാഴ്ചത്തെ ചര്‍ച്ചയോടെ അല്‍പം കുറഞ്ഞെങ്കിലും പൂര്‍ണതൃപ്തനല്ല എംപിയെന്നാണ് സൂചന. ദേശീയതലത്തിലായാലും, സംസ്ഥാനതലത്തിലായാലും താന്‍ നേരിടുന്ന അവഗണനയാണ് തരൂര്‍ രാഹൂലുമായുള്ള ചര്‍ച്ചയില്‍ ധരിപ്പിച്ചത്. സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന് എതിരെയും കേന്ദ്രത്തില്‍, മോദി സര്‍ക്കാരിന് എതിരെയും നിലപാട് സ്വീകരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുമ്പോള്‍, ഇരുസര്‍ക്കാരുകളെയും വാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് രാഹുലും തരൂരിനെ ധരിപ്പിച്ചു.

ലേഖനത്തില്‍ ഡേറ്റയുടെ അടിസ്ഥാനത്തില്‍ താന്‍ ഉന്നയിച്ച വാദത്തെയും മോദിയുടെ വിദേശ സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകളെയും ദുര്‍വ്യാഖ്യാനിച്ച് പ്രതിപക്ഷ നേതാവ് അടക്കം വിമര്‍ശനം ചൊരിഞ്ഞത് തരൂരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇനി അത്തരത്തില്‍ വളഞ്ഞിട്ട് ആക്രമിച്ചാല്‍, വച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്നാണ് തരൂരിന്റെ നിലപാട്.

സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം നല്‍കിയ പരാതിക്ക് പുറമേ, കാര്യങ്ങള്‍ വിശദീകരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് തരൂരും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. വിദേശനയത്തിലടക്കമുള്ള വിഷയങ്ങളില്‍ താന്‍ എക്കാലത്തും വ്യക്തിപരമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു തരൂരിന്റെ വിശദീകരണം. താന്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെടുകയാണെന്ന വികാരവും അദ്ദേഹം രാഹുലുമായി പങ്കുവച്ചു.

ലേഖന വിവാദത്തിലെ നിലപാടില്‍ മാറ്റമില്ല

കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും ഇതിന് വിരുദ്ധമായ കണക്കുകള്‍ കിട്ടിയാല്‍ തന്റെ നിലപാടുകള്‍ തിരുത്താന്‍ തയാറാണെന്നുമാണ് തരൂരിന്റെ നിലപാട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങള്‍ എവിടെ നിന്ന് ലഭിച്ചു എന്നകാര്യം ലേഖനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലോബല്‍ സ്റ്റാര്‍ട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇതുരണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ സ്രോതസില്‍ നിന്ന് വേറെ വിവരങ്ങള്‍ ലഭിച്ചാല്‍ അതും പരിശോധിക്കാന്‍ തയ്യാറാണ്. കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആര്‍ക്കും വേണ്ടിയല്ല- മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

തരൂര്‍ ചവുടുമാറ്റുമോ?

തരൂരിന്റെ മോദി, പിണറായി സ്തുതികള്‍ സംസ്ഥാന നേതൃത്വവും, ഹൈക്കമാന്‍ഡും സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. മോദിയുടെ യുഎസ് സന്ദര്‍ശനഫലത്തെ പിന്തുണച്ച തരൂര്‍ ബിജെപിയിലേക്ക് പോകുമെന്നൊക്കെ അഭ്യൂഹങ്ങള്‍ പരക്കുന്നെങ്കിലും ഹൈക്കമാന്‍ഡ് അത് തള്ളിക്കളയുന്നു. എന്നാല്‍, ഇടതുപക്ഷത്തെ, വിശേഷിച്ചും പിണറായി സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വളര്‍ച്ചയെ അദ്ദേഹം ശരിവച്ചത് നേതാക്കള്‍ സംശയത്തോടയാണ് കാണുന്നത്. തന്റെ മുമ്പാകെ പരാതി എത്തിയതോടെ, വളരെ വേഗത്തിലാണ് രാഹുല്‍ തരൂരിനെ വിളിപ്പിച്ചത്. കൂടിക്കാഴ്ചയ്ക്കായി തരൂരും താല്‍പര്യപ്പെട്ടതോടെ കാര്യങ്ങള്‍ വേഗത്തിലായി. കെ സി വേണുഗോപാലിനെ പോലും മാറ്റി നിര്‍ത്തിയായിരുന്നു തരൂര്‍-രാഹുല്‍ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. സോണിയ ഗാന്ധിയുടെ വസതിയില്‍ കെ.സി. വേണുഗോപാലുണ്ടായിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കാളിയായില്ല. ഖാര്‍ഗെയുമായി വസതിയിലെത്തി രാഹുല്‍ഗാന്ധി ചര്‍ച്ചനടത്തുമ്പോള്‍ വേണുഗോപാല്‍ ഉണ്ടായിരുന്നു. എന്തായാലും, തരൂരിന്റെ വരുംകാല നീക്കങ്ങള്‍ ഹൈക്കമാന്‍ഡിന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന് ഉറപ്പ്.

അനുനയ വാക്കുകളുമായി തണുപ്പിച്ച് കെ സുധാകരനും

ശശി തരൂര്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വലുതാക്കിയെന്ന് കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ.സുധാകരന്‍. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ കൂടുതല്‍ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ എല്ലാവരും അത് നിര്‍ത്തി. പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായില്ലെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു. ഒരു പ്രസ്താവനയുടെ പേരില്‍ നേരിയ പ്രശ്‌നം വന്നപ്പോള്‍ അതവിടെ തീര്‍ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ശശി തരൂരിനെ താനും വിളിച്ചിരുന്നു. സ്‌നേഹത്തോടെ പെരുമാറുകയും ഇനി മേലില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാവില്ലെന്നും പാര്‍ട്ടിതലത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. അതോടെ ആ വിഷയം ഇവിടെ തീര്‍ന്നു. വലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'നേതാക്കളില്‍ വ്യത്യസ്തമായ സ്വഭാവമുള്ള ആളുകളുണ്ടാവും. അതിനനുസരിച്ച് അവര്‍ പ്രതികരിക്കും. പക്ഷേ അതൊന്നും ഉള്ളില്‍ത്തട്ടിയാവില്ല എന്നാണ് എന്റെ വിശ്വാസം.' ശശി തരൂരിന്റെ ലേഖനത്തേക്കുറിച്ച് കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ പ്രതികരണത്തേക്കുറിച്ച് സുധാകരന്‍ പറഞ്ഞതിങ്ങനെ. 'വ്യവസായമേഖലയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വലിയ പുരോഗതിയാണുണ്ടായതെന്ന് അങ്ങനെയൊന്നും ഞാന്‍ സമ്മതിച്ചിട്ടില്ല. ശശി തരൂര്‍ പറഞ്ഞത് കണ്ടീഷണലാണ്. പൂര്‍ണമായ രീതിയിലുള്ള കമന്റൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. തരൂര്‍ പറഞ്ഞതില്‍ അങ്ങനെയൊരര്‍ത്ഥവും ഇല്ല.' കെ.സുധാകരന്‍ വിശദീകരിച്ചു.

ശശി തരൂരിന്റേത് പിശകാണെന്ന് പറയുന്നില്ല. അര്‍ധസത്യം ഉണ്ടെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. തരൂര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വം എന്ന നിലയ്ക്ക് വ്യക്തമാക്കാനുള്ളത്. സംസാരം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും നിര്‍ത്തി. ഡി.വൈ.എഫ്.ഐ ക്ഷണിച്ച പരിപാടിയിലേക്ക് തരൂര്‍ പോകില്ല. അക്കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News