'ജമാ അത്തെ ഇസ്‌ളാമിയുമായി ലീഗിന് ആശയപരമായ ഭിന്നതയുണ്ട്; യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ല'; സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി

സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി

Update: 2025-06-16 08:29 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന ജമാ അത്തെ ഇസ്‌ളാമിയുടെ നിലപാട് യുഡിഎഫിനെതിരെ സിപിഎം പ്രചരണ വിഷയമാക്കുന്നതിനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജമാ അത്തെ ഇസ്‌ളാമിയുമായി ആശയപരമായി ലീഗിന് ഭിന്നതയുണ്ട്, എന്നാല്‍ അവര്‍ യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാ അത്തെ ഇസ്‌ളാമിയെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുമെന്ന സിപിഎം പ്രചരണം , സര്‍ക്കാരിന്റെ വീഴ്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയോട് മുന്‍കാല പ്രസിഡന്റുമാരെടുത്ത നിലപാട് മുസ്ലിംലീഗ് ഓര്‍ക്കണമെന്നും അന്നത്തെ ജമാഅത്തെയില്‍നിന്ന് ഇന്ന് അവര്‍ക്ക് എന്തുമാറ്റമാണ് ഉണ്ടായതെന്ന് പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

മുസ്ലിം ലീഗ് എന്നും അകറ്റി നിറുത്തിയ വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. മുസ്ലീം ജനവിഭാഗത്തിലെ ഭൂരിഭാഗവും ജമാഅത്തെ ഇസ്ലാമിയെ പുറംതള്ളി. എല്ലാ മുസ്ലിം സംഘടനകളുടെ യോഗത്തിലും പങ്കെടുക്കാറുള്ള സി.എച്ച്.മുഹമ്മദ് കോയ ജമാ അത്തെ ഇസ്ലാമിയുടെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല.

യു.ഡി.എഫിന് തല്‍ക്കാലം ആവശ്യം നാല് വോട്ടെങ്കിലും അധികം കിട്ടുക എന്നുള്ളതാണ്. എന്നാല്‍, ഒരു വര്‍ഗീയ ശക്തികളുടെയും പിന്തുണ എല്‍.ഡി.എഫിന് ആവശ്യമില്ല. നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന മുന്നണിയല്ല എല്‍.ഡി.എഫ് എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. ലീഗിന്റെ നിലപാട് സിപിഎം പ്രചാരണ വിഷയമാക്കുമ്പോഴാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

ജമാഅത്ത് ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന സതീശന്റെ പ്രസ്താവന തള്ളി ചെന്നിത്തല രംഗത്തെത്തി. ജമാ അത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി,പ്രിയങ്കയുടെ പരിപാടികളില്‍ ലീഗിന്റെ കൊടിയില്ല എന്നത് അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണ്. ഇന്നലത്തെ പരിപാടിയില്‍ ലീഗിന്റെ നിരവധി കൊടികള്‍ ഉണ്ടായിരുന്നു ലീഗിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം പരിപാടിക്ക് എത്തി മുന്നണിയില്‍ ഒരുവിധ പ്രശ്‌നങ്ങളും ഇല്ല, യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags:    

Similar News